ഗായത്രിപ്പുഴയിൽ ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തി
1584959
Tuesday, August 19, 2025 11:21 PM IST
ആലത്തൂർ: ഗായത്രിപ്പുഴയിലെ കൂളിയാടുകടവ് പാലത്തിനുസമീപം ഒഴുക്കിൽപ്പെട്ടയാളുടെ മൃതദേഹം ആലത്തൂർ എടാംപറന്പ് തടയണയ്ക്കു സമീപത്തുനിന്ന് കണ്ടെടുത്തു. കുനിശേരി മലക്കാട്ടുകുന്നിൽ പരേതനായ ചാത്തേലന്റെ മകൻ ലക്ഷ്മണന്റെ (44) മൃതദേഹമാണു കണ്ടെടുത്തത്.
പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. കെട്ടിട നിർമാണത്തൊഴിലാളിയായ ലക്ഷ്മണൻ അവിവാഹിതനാണ്. അമ്മ: കുഞ്ചി. സഹോദരങ്ങൾ: രാമൻകുട്ടി, കൃഷ്ണൻകുട്ടി, കമലം, ശാന്ത, ദേവകി, സീത.
ഇന്നലെ രാവിലെ ഏഴരയോടെ കണ്ടെത്തിയ മൃതദേഹം നാട്ടുകാർ കരയ്ക്കടുപ്പിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മൃതദേഹം തിരിച്ചറിഞ്ഞ് തുടർനടപടികൾ സ്വീകരിച്ചു.
ഞായറാഴ്ച രാവിലെ ഏഴരയോടെ സുഹൃത്തുക്കളോടൊപ്പം മീൻപിടിക്കാനെത്തിയ ലക്ഷ്മണൻ പുഴയിലൂടെ ഒഴുകിവന്ന തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.