കുട്ടികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തണം: മന്ത്രി കെ. കൃഷ്ണൻകുട്ടി
1584717
Tuesday, August 19, 2025 12:08 AM IST
നെന്മാറ: സാമൂഹികആരോഗ്യ സാഹചര്യം മെച്ചപ്പെടുത്തി കുട്ടികളെ സുരക്ഷിതമായ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരണമെന്നു മന്ത്രി കെ. കൃഷ്ണൻകുട്ടി.
സംസ്ഥാനത്ത് ഏകദേശം മൂന്നുശതമാനംപേർ ഇപ്പോഴും നിരക്ഷരരായുണ്ടെന്നും അവരെ ആറുമാസത്തിനകം എഴുതാനും വായിക്കാനും അറിയുന്നവരാക്കി മാറ്റിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) മൂന്നാംഘട്ട സർവേ പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാംഘട്ട സർവേ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.
നെന്മാറ നേതാജി ആർട്സ് ആൻഡ് സയൻസ് കോളജ് ഓഡിറ്റേറിയത്തിൽ നടന്ന പരിപാടിയിൽ കെ.ബാബു എംഎൽഎ അധ്യക്ഷത വഹിച്ചു.
ജില്ലാ സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ്, കാലിക്കട്ട് സർവകലാശാല എൻഎസ്എസ് കോ-ഓർഡിനേറ്റർ ഡോ.എൻ.എ. ശിഹാബ്, നേതാജി കോളജ് പ്രിൻസിപ്പൽ പ്രഫ.വി. ഫൽഗുനൻ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് കെ. ഷാബിറ ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ആർ. ചന്ദ്രൻ പ്രസംഗിച്ചു.