തേനീച്ചക്കർഷകർക്ക് മഴക്കാലം നഷ്ടകാലം
1584713
Tuesday, August 19, 2025 12:08 AM IST
മംഗലംഡാം: മഴക്കാലം തേനീച്ചക്കർഷകർക്കു നഷ്ടങ്ങളുടെ മാസങ്ങൾ. നാലഞ്ചുമാസം തേനീച്ചകൾക്ക് ഭക്ഷണം കൊടുത്ത് അവയെ സംരക്ഷിച്ചു നിർത്തണം. ഈച്ചകൾ പട്ടിണികിടന്ന് ആരോഗ്യം നഷ്ടപ്പെട്ടാൽ സീസണിൽ തേനീച്ചകളുടെ തേൻശേഖരണം കുറയും. പഞ്ചസാര ലായനിയാണ് തേനീച്ചകൾക്ക് തീറ്റയായി നൽകുക.
ഒരു ലിറ്റർ വെള്ളത്തിൽ ഒരുകിലോ പഞ്ചസാര ചേർത്തുള്ള ലായനിയാണ് നൽകേണ്ടതെന്ന് രണ്ടുപതിറ്റാണ്ടിലേറെയായി തേനീച്ച വളർത്തലിൽ പരിശീലനം നൽകിവരുന്ന എളവമ്പാടം മാതൃകാ റബർ ഉത്പാദക സംഘം ഡയറക്ടർ ഡെന്നി തെങ്ങുംപള്ളി ദീപികയോടു പറഞ്ഞു.
ആഴ്ചയിൽ 250 മില്ലിലിറ്റർ ലായനി എന്ന തോതിൽ ഓരോ പെട്ടിയിലും വച്ചുകൊടുക്കണം. തേനീച്ചകൾ ഈ ലായനിയെടുത്ത് തേൻഅടകളിൽ സൂക്ഷിക്കും. ക്ഷാമദിവസങ്ങളിലേക്കുള്ള കരുതലാണിത്.
പ്രകൃതിയിൽ സ്വാഭാവിക തേൻ ആകുന്നതോടെ പിന്നെ ഇത്തരം പഞ്ചസാര ലായനികൾ ഈച്ചകൾ സൂക്ഷിക്കില്ല. മഴക്കാലത്ത് തീറ്റയായി നൽകുന്ന ലായനി പിന്നീട് തേനിൽ കലരുമോ എന്ന സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും ഡെന്നി തെങ്ങുംപള്ളി പറഞ്ഞു.
ശുദ്ധമായ പ്രകൃതിദത്ത തേൻ മാത്രമേ തേനീച്ചകൾ അടകളിൽ സംഭരിച്ചുവയ്ക്കൂ. മനുഷ്യരെ പോലെ മായം ചേർക്കലൊന്നും തേനീച്ചകൾക്കില്ല. ക്ഷാമകാലം അതിജീവിക്കാനാണ് ഇത്തരം തീറ്റകൾ ഈ ചെറു ജീവികൾ കണ്ടെത്തുന്നത്.
സാമ്പത്തിക ശാസ്ത്രത്തിൽ പറയുന്നതുപോലെ എല്ലാ ഘടകങ്ങളും അനുകൂലമാകുമ്പോൾ മാത്രമേ തേൻ ഉത്പാദനവും പ്രതീക്ഷിച്ച തോതിലുണ്ടാകൂ. ഇതിന് കരുത്തുള്ള തേനീച്ചകളും നല്ല കാലാവസ്ഥയും പ്രധാനമാണ്. ഭാരിച്ച ഉത്പാദനചെലവ് കൂട്ടിമുട്ടിച്ച് തൊഴിൽ മുന്നോട്ടുകൊണ്ടുപോകാൻ തേൻഉത്പാദനം വലിയ തോതിൽ വേണമെന്നു കുലത്തൊഴിലായി തേനീച്ചവളർത്തൽ രംഗത്തുള്ള തിരുവനന്തപുരം മാർത്താണ്ഡത്തെ അരുമന സ്വദേശി ജയൻ ദീപികയോടു പറഞ്ഞു.
മംഗലംഡാം കരിങ്കയം തുടങ്ങിയ പ്രദേശങ്ങളിലെ റബർ തോട്ടങ്ങളിലാണ് മാർത്താണ്ഡത്തു നിന്നുള്ളവർ നൂറുകണക്കിന് തേനീച്ചപ്പെട്ടികൾവച്ച് തേൻഉത്പാദനം നടത്തുന്നത്. കേരളത്തിൽ റബർ തോട്ടങ്ങളുള്ളിടത്തെല്ലാം മാർത്താണ്ഡത്തുകാർ തേൻ ഉത്പാദനവുമായുണ്ട്.
ഒരു തോട്ടത്തിൽ 25 വരെ പെട്ടികളാണ് മാർത്താണ്ഡത്തുകാർ വക്കുക. തേൻ എടുക്കുമ്പോൾ ഒരു കിലോ വരുന്ന ഒരു കുപ്പി തേൻ തോട്ടം ഉടമക്ക് നൽകും. തേനീച്ചകൾ വഴി കൃഷിയിടത്തിലെ വിളകളിൽ പരാഗണം വേഗത്തിലാകുന്നതിനാൽ വിളവ് കൂടുന്നതും തോട്ടം ഉടമക്ക് ഗുണകരമാണ്.
പഞ്ചസാര വില കൂടുന്നത് തേനീച്ച വളർത്തുന്ന കർഷകർക്കും വിനയാവുകയണ്. മഴക്കാലത്ത് മതിയായ തീറ്റ നൽകിയില്ലെങ്കിൽ തേനീച്ചകൾ സ്ഥലം മാറിപ്പോകും. ചിലപ്പോൾ കൂട്ടത്തോടെ ചാവുമെന്നും കർഷകർ പറയുന്നു.
ഒക്ടോബർ മുതൽ ഡിസംബർ വരെ തേനീച്ചകളുടെപ്രജനന കാലമാണ്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തേൻ ഉത്പാദനകാലം.