സർവീസ് റോഡുകൾ തുറന്നു; വാടാനംകുർശിയിൽ യാത്രാക്ലേശത്തിനു താത്കാലികപരിഹാരം
1585422
Thursday, August 21, 2025 7:06 AM IST
ഷൊർണൂർ: റെയിൽവേ മേൽപ്പാല നിർമാണം നടക്കുന്ന വാടാനംകുർശി ഭാഗത്ത് സർവീസ് റോഡുകൾ ഗതാഗതത്തിനു തുറന്നുകൊടുത്തത് അനുഗ്രഹമായി. ബൈക്കുകളും ചെറുവാഹനങ്ങളും മാത്രമാണ് റോഡിലൂടെ കടത്തിവിടുന്നതെങ്കിലും ഗതാഗതകുരുക്കഴിക്കാൻ ഇത് പര്യപ്തമാണ്. ബസ് അടക്കമുള്ള വാഹനങ്ങളും ചരക്കു വാഹനങ്ങളും ബന്ധപ്പെട്ടവർ യോഗം ചേർന്ന് തീരുമാനം എടുത്തതിനു ശേഷമേ കടത്തി വിടാൻ തുടങ്ങൂവെന്നാണ് വിവരം.
ഒരുമാസം മുമ്പാണ് വാടാനാംകുറിശിയിൽ പാലം പണിയും സർവീസ് റോഡ് നിർമാണവും നടത്താൻ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചത്. 10 ദിവസം കൊണ്ട് സർവീസ് റോഡിന്റെ പണി തീർക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മഴ തടസമായതോടെ വീണ്ടും ഒരാഴ്ചകൂടി റോഡ് അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടാഴ്ച കൊണ്ട് പാലത്തിന് ഒരു വശത്തെ റോഡ് പണിതീർത്ത് ഗതാഗതത്തിന് തുറന്നെങ്കിലും റോഡിന്റെ വീതിക്കുറവ് കാരണം റോഡിൽ ഗതാഗതക്കുരുക്കായതോടെ ഒരു ഭാഗത്തേക്ക് മാത്രമായി ചെറുവാഹനങ്ങൾ കടത്തിവിടുകയും വീണ്ടും രണ്ടാഴ്ചകൂടി സമയമെടുത്ത് മറുവശത്തെ സർവീസ് റോഡിന്റെ പണികൂടി തീർത്ത് ഗതാഗതത്തിന് തുറക്കുകയുമായിരുന്നു.
പുതുതായി നിർമിക്കുന്ന പാലത്തിന്റെ ഇരുവശവും സർവീസ് റോഡുകൾ കട്ടവിരിച്ച് നവീകരിച്ചതോടെ ഇനി വാഹനങ്ങൾക്ക് ഇതുവഴിയും കടന്നുപോകാം. ഒരു മാസമായി ബസുകൾ റെയിൽവേ ഗേറ്റിന് അപ്പുറവും ഇപ്പുറവും വന്ന് യാത്രക്കാരെ ഇറക്കി തിരിച്ച് പോകുകയാണ് ചെയ്തിരുന്നത്. ബസുകൾ കൂടി കടത്തിവിടാൻ തുടങ്ങിയാൽ മാത്രമേ ഇതുവഴിയുള്ള ഗതാഗതം പൂർണമായും പുനഃസ്ഥാപിക്കാനാകു.
റെയിൽവേ മേൽപ്പാലം നിർമാണം അന്തിമ ഘട്ടത്തിലാണ്. ഒരു മാസത്തിനകം പണി പൂർത്തീകരിക്കാനാകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. പാലത്തിന്റെ പണി തീർന്നെങ്കിൽ മാത്രമേ വാടാനാംകുറിശി റെയിൽവേ ഗേറ്റ് അടയ്ക്കുന്നത് മൂലം ഉണ്ടാകുന്ന ഗതാഗതതടസം ഒഴിവാകൂ. പട്ടാമ്പി–കുളപ്പുള്ളി പാത നവീകരണവും പുരോഗമിക്കുകയാണ്. കുളപ്പുള്ളി ഐപിടിഐ പരിസരത്ത് നിന്ന് ആരംഭിച്ച് പട്ടാമ്പി നിള ആശുപത്രി വരെയാണ് റോഡ് വീതികൂട്ടി നവീകരിക്കുന്നത്.
ഐപിടിഐ പരിസരത്ത്നിന്ന് ആരംഭിച്ച് നവീകരണം മേലെ പട്ടാമ്പി ചെർപ്പുളശേരി റോഡ് ജംഗ്ഷൻ വരെ എത്തിയിട്ടുണ്ട്. ഇതിനിടയിൽ പണി തീർക്കാനുള്ള വാടാനാംകുറിശി, ഓങ്ങല്ലൂർ പാടം ഭാഗങ്ങളിൽ പണി പുരോഗമിക്കുകയാണ്. റോഡ് നവീകരണം പൂർത്തിയാകുകയും വാടാനാംകുറിശി റെയിൽവേ മേൽപ്പാലം പണി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറക്കുകയും ചെയ്താൽ പട്ടാമ്പി-കുളപ്പുള്ളി റോഡിലെ ഗതാഗത തടസങ്ങളെല്ലാം നീങ്ങും. ഇപ്പോഴുള്ള പ്രശ്നപരിഹാരം ശാശ്വതമായിട്ട് അല്ലെങ്കിലും ഗതാഗതകുരുക്കിന് വലിയ അളവിൽ പരിഹാരം കാണാൻ ഉതകുന്നുണ്ട്.