നവീകരണപാതയിൽ കോയന്പത്തൂർ വിമാനത്താവളം
1536280
Tuesday, March 25, 2025 6:59 AM IST
കോയന്പത്തൂർ: കൂടുതൽ വികസന പദ്ധതികളുമായി കോയന്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ. അടിസ്ഥാന വികസനത്തിനൊപ്പം ഉപഭോക്തൃ സൗഹാർദമാകുകകൂടി ലക്ഷ്യമിട്ടു മാസ്റ്റർപ്ലാൻ തയാറായിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം നിലവിലുള്ള പാസഞ്ചർ ടെർമിനലിന്റെ തെക്കുഭാഗത്ത് വലിയ പാസഞ്ചർ ടെർമിനൽ കെട്ടിടം, എയർ ട്രാഫിക് കൺട്രോൾ ആൻഡ് ടെക്നിക്കൽ കെട്ടിടം, പുതിയ കാർഗോ ടെർമിനൽ, പുതിയ പാസഞ്ചർ ടെർമിനലിലേക്ക് പ്രവേശിക്കുന്നതിന് 60 മീറ്റർ വീതിയുള്ള ആക്സസ് റോഡ് എന്നിവ നിർമിക്കും.
രണ്ടുഘട്ടങ്ങളിലായാണ് നിർമാണപ്രവൃത്തികൾ നടക്കുക. നിലവിൽ 2990 മീറ്റർ നീളമുള്ള റൺവേ 3810 മീറ്ററായി വികസിപ്പിക്കാനും മാസ്റ്റർപ്ലാൻ വിഭാവനം ചെയ്യുന്നു. നവീകരണത്തിന്റെ ഭാഗമായി യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനാണ് തീരുമാനം. ബഹുനില കാർ പാർക്കിംഗ്, റെസ്റ്റോറന്റുകൾ, ഫുഡ് കോർട്ട്, ബസ് സ്റ്റാൻഡ് സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു.