ആര്യമ്പള്ളം കുടിവെള്ളപദ്ധതി തടയണയിൽ ജലസമൃദ്ധി
1536504
Wednesday, March 26, 2025 1:55 AM IST
ചിറ്റൂർ: വേനൽ ശക്തമായി പലഭാഗങ്ങളിലും ജലസംഭരണി വറ്റിത്തുടങ്ങിയെങ്കിലും ചിറ്റൂർപ്പുഴയിലുള്ള ആര്യമ്പള്ളം കുടിവെള്ളപദ്ധതി തടയണയിൽ ജലസമൃദ്ധി. അരകിലോമീറ്റർ ദൈർഘ്യത്തിൽ പരന്ന നിലയിലുളള തടയണയിൽ ജലംനിറഞ്ഞ് പുഴയിലേക്ക് കവിഞ്ഞൊഴുകുന്നുമുണ്ട്. വേനൽമഴ ലഭിച്ചില്ലെങ്കിലും ഒരു മാസത്തിൽ കൂടുതൽ ഉപയോഗത്തിനുള്ള വെള്ളം തടയണയിലുണ്ട്. ചിറ്റൂർ ടൗണിലും കിഴക്കൻപ്രദേശങ്ങളിലേക്കും ഗുണഭോക്താക്കൾക്ക് ഇവിടെനിന്നുമാണ് ശുദ്ധീകരിച്ച ജലം വിതരണം നടക്കുന്നത്.
ഈ കൊല്ലം പ്രദേശത്ത് ജലവിതരണത്തിന് ക്രമീകരണത്തിന്റെ ആവശ്യം ഉണ്ടാവില്ലെന്നതാണ് അധികൃതരുടെ നിഗമനം. സംഭരണിയിൽ നിലവിൽ തെളിഞ്ഞവെള്ളമാണ് കാണപ്പെടുന്നത്. കനത്ത ചൂടുകാരണം തടയണക്ക് താഴെ ഒഴുകുന്ന വെള്ളത്തിൽ കുളിക്കാൻ നിരവധി സമീപവാസികൾ എത്തുന്നുമുണ്ട്. നാൽക്കാലികളെ കുടിവെള്ളത്തിനും കുളിപ്പിക്കാനും സമീപവാസികൾ കൊണ്ടുവരുന്നത് തടയണക്ക് താഴെ ഒഴുകുന്ന വെള്ളത്തിലാണ്.