കൊയ്യാറായ വയലിൽ പന്നിക്കൂട്ടത്തിന്റെ വിളയാട്ടം
1536278
Tuesday, March 25, 2025 6:59 AM IST
ചിറ്റൂർ: കമ്പംപടി പാടശേഖരത്തിൽ കൊയ്യാറായ നെൽപ്പാടത്തു പന്നിക്കൂട്ടത്തിന്റെ വിളയാട്ടം. കഴിഞ്ഞദിവസം രാത്രിയിൽ പന്നിക്കൂട്ടമിറങ്ങി വ്യാപകനാശം വരുത്തി.
കൊയ്യാൻ ഒരാഴ്ച്ചമാത്രം ബാക്കിയുള്ളപ്പോഴാണ് നെൽചെടികൾ ചെളിയിൽ ചവുട്ടിത്താഴ്ത്തിയിരിക്കുകയാണ്. പ്രദേശത്തെ വേലായുധൻ പാട്ടത്തിനെടുത്തു ചെയ്യുന്ന കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. പന്നിക്കൂട്ടത്തെ തുരത്താൻ കർഷകൻ പടക്കംപൊട്ടിക്കാനെത്തിയപ്പോൾ മാത്രം പതിനഞ്ചോളം പന്നികളെ കണ്ടു. പ്രദേശത്തു നൂറുകണക്കിനു പന്നികളുണ്ടെന്നും ഇവ പെറ്റുപെരുകുന്നതു തടയാൻ നടപടിയില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.
കാൽനട, വാഹനയാത്രികർക്കും ദുരിതമായി പന്നിക്കൂട്ടങ്ങൾ മാറിയിട്ടുണ്ട്. പന്നികളെ ഉന്മൂലനം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ ഫണ്ട് വകയിരുത്തണമെന്നു കന്പംപടി പാടശേഖരസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.