ഒറ്റപ്പാലത്തെ തെരുവ്നായ ശല്യം: സബ്കളക്ടർ യോഗം വിളിക്കും
1509415
Thursday, January 30, 2025 1:42 AM IST
ഒറ്റപ്പാലം: നഗരസഭാപരിധിയിൽ രൂക്ഷമായിതീർന്ന തെരുവുനായശല്യത്തിൽ സബ്കളക്ടർ ഇടപെടും. തെരുവുനായ ജനനനിയന്ത്രണ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നില്ലെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണിത്. നഗരസഭാപരിധിയിൽ തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നിരുന്നു.
പ്രജനന നിയന്ത്രണ പദ്ധതിക്കായി നഗരസഭ വകയിരുത്തുന്ന തുക പാഴാക്കുകയാണെന്നായിരുന്നു വിമർശനം. കഴിഞ്ഞദിവസം പാലപ്പുറത്ത് മൂന്നുപേർക്ക് നായ്ക്കളുടെ കടിയേറ്റിരുന്നു. വാഹനങ്ങൾക്ക് കുറുകെ തെരുവുനായ്ക്കൾ ചാടുന്നത് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മീറ്റ്നയിൽ തെരുവുനായ്ക്കൾ തുരത്തി ബൈക്ക് മറിഞ്ഞ് യുവതിക്ക് പരിക്കേറ്റതായും പരാതിയുയർന്ന സാഹചര്യത്തിലാണ് സബ് കളക്ടർ പ്രത്യേകയോഗം വിളിച്ചു ചേർക്കുന്നത്.
തെരുവുനായശല്യം പരിഹരിക്കുന്നതിന്ന് മാത്രമായാണ് സബ് കളക്ടർ പ്രത്യേകയോഗം വിളിച്ചിട്ടുള്ളതെന്നും ഇതിനുശേഷം കൃത്യമായ നടപടിയുണ്ടാകുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. തെരുവുനായ വന്ധ്യംകരണത്തിനായി ഇത്തവണയും അഞ്ചു ലക്ഷംരൂപ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
ഇത് ജില്ലാപഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്ന് സെക്രട്ടറി എ.എസ്. പ്രദീപ് അറിയിച്ചു. ധനസഹായം നൽകുന്നതിന് പ്രത്യേകം ഫണ്ട് സമാഹരിക്കുന്നകാര്യം പരിഗണിക്കാമെന്ന് വൈസ് ചെയർമാൻ കെ. രാജേഷ് പറഞ്ഞു.
ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകൾക്കായി ഒരു വന്ധ്യംകരണ കേന്ദ്രമാണുള്ളത്. അതുകൊണ്ട് കൃത്യമായി പദ്ധതി നടപ്പാകുന്നില്ലെന്നും വൈസ് ചെയർമാൻ പറഞ്ഞു.