പാലക്കയത്ത് സർവകക്ഷി പ്രതിഷേധ റാലി
1509404
Thursday, January 30, 2025 1:42 AM IST
പാലക്കയം: മലയോര കുടിയേറ്റ മേഖലയിലെ വന്യമൃഗശല്യങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടു പാലക്കയത്ത് സർവ്വകക്ഷി പ്രതിഷേധ ജാഥ നടത്തി.
കഴിഞ്ഞദിവസം ഇഞ്ചിക്കുന്നിലെ ചീരാൻകുഴി ജോസിന്റെ ആടിനെ കടുവ കടിച്ചുകൊന്നിരുന്നു. ആടിനെ കൊന്നതു കടുവയാണെന്നു കർഷകർ നേരിട്ടുകണ്ടിട്ടും വനംവകുപ്പ് അധികാരികൾ പുലിയാണെന്നു പറയുന്നതിൽ ദുരൂഹതയുണ്ടെന്നു സർവകക്ഷിയോഗം ചൂണ്ടിക്കാട്ടി.
കേരളത്തിന്റെയും തമിഴ്നാടിന്റെയും കർണാടകയുടെയും പല ഭാഗത്തുനിന്നും പിടിക്കുന്ന കടുവകളെ ആരുംഅറിയാതെ ശിരുവാണി കാടുകളിൽ ഇറക്കിവിടുന്നുണ്ടെന്നു പ്രദേശവാസികൾ ആരോപിച്ചു. രാത്രികാലങ്ങളിൽ വനംവകുപ്പിന്റെ അകമ്പടിയോടുകൂടി വാഹനങ്ങൾ ശിരുവാണിയിലേക്കു പോകാറുണ്ടെന്നും പ്രദേശവാസികൾ ആരോപണമുയർന്നു.
പാലക്കയത്തുനടന്ന സർവകക്ഷി പ്രതിഷേധ ജാഥ കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടറും പാലക്കയം സെന്റ് മേരീസ് പള്ളി വികാരിയുമായ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
മലയോര കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷ കമ്മിറ്റി ചെയർമാൻ പി.സി. രാജൻ പുളിന്തറക്കുന്ന് അധ്യക്ഷത വഹിച്ചു. ഭീതിയിൽ കഴിയുന്ന പ്രദേശത്തെ കർഷകരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും വന്യമൃഗങ്ങൾ കൃഷിയിടത്തിലേക്കിറങ്ങാതിരിക്കാനും വളർത്തു മൃഗങ്ങളെ ആക്രമിക്കാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്തംഗം പി.വി. കുര്യൻ, സന്തോഷ് കാഞ്ഞിരപ്പാറ, സോണി പാറക്കുടി, കത്തോലിക്കാ കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് ബോബി പൂത്തിങ്കൽ, ബെറ്റി ലോറൻസ്, സച്ചു ജോസഫ് എന്നിവർ പ്രസംഗിച്ചു.