വന്യമൃഗശല്യം: നവകേരള സദസിലെ പരാതികളിൽ നടപടിയുണ്ടായില്ലെന്നു കർഷകർ
1508743
Sunday, January 26, 2025 8:49 AM IST
വടക്കഞ്ചേരി: മുഖ്യമന്ത്രിയും മന്ത്രിമാരും നയിച്ച നവകേരള സദസിൽ മലയോരമേഖലയിലെ വന്യമൃഗ ശല്യത്തെക്കുറിച്ച് നൽകിയ പരാതിയിൽ കാര്യക്ഷമമായ നടപടികളൊന്നുമുണ്ടായില്ലെന്നു കർഷകരുടെ പരാതി.
കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലുണ്ടാകുന്ന വന്യമൃഗശല്യത്തെ സംബന്ധിച്ചുമാത്രം 32 പരാതികളാണ് സദസിന്റെ പരാതി കൗണ്ടറുകളിൽ നൽകിയിരുന്നത്.
എന്നാൽ പരാതി പരിഹരിക്കുന്നതിനുള്ള നടപടികളോ ചർച്ചകളോ ഉണ്ടായില്ലെന്നാണു ആരോപണം.
വന്യമൃഗങ്ങൾ വിളകൾ നശിപ്പിച്ചതിന്റെ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കണമെന്നാണു വനംവകുപ്പ് പറയുന്നത്. എന്നാൽ ഓരോദിവസവും മൃഗങ്ങൾ നശിപ്പിക്കുന്നതിന്റെ തെളിവുകൾ ശേഖരിക്കുന്നതിന് ഓഫീസുകൾ കയറിയിറങ്ങി സമയംകളഞ്ഞാൽ അനുവദിക്കുന്ന നഷ്ടപരിഹാരം തുച്ഛമായ തുക മാത്രമായതിനാൽ കിട്ടുന്നതിൽ കൂടുതൽ തുക ചെലവഴിക്കാൻ കർഷകർക്കും താത്പര്യമില്ല.
വനംവകുപ്പിന്റെ ഉന്നതതല സംഘം ഇത്തരം പ്രദേശങ്ങളിൽ സന്ദർശിച്ച് കാട്ടുമൃഗങ്ങളുടെ ശല്യം നേരിട്ട് ബോധ്യപ്പെടാതെ പ്രശ്നത്തിന് പരിഹാരമാകില്ലെന്നു കർഷകർ പറയുന്നു.
വന്യമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാക്കാതെ രാഷ്ട്രീയലക്ഷ്യംവച്ചുള്ള താത്കാലിക നടപടികൾക്കൊന്നും നിലനില്പില്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.