വേനൽക്കാലത്തു ജലലഭ്യത ഉറപ്പുവരുത്തണം: ജില്ലാ വികസന സമിതിയോഗം
1508745
Sunday, January 26, 2025 8:49 AM IST
പാലക്കാട്: വേനല്‍ക്കാലം മുന്നില്‍ക്കണ്ട് ആവശ്യമായ ജലലഭ്യതയും സംഭരണവും ജില്ലയില്‍ ഉറപ്പുവരുത്തണമെന്നു ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. ജില്ലയിലെ ഡാമുകളില്‍ ആവശ്യത്തിനു വെള്ളമുണ്ടെന്നു യോഗത്തില്‍ ഉറപ്പുവരുത്തി.
അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടറേറ്റിലെ ഡിആര്‍ഡിഎ ഹാളിലാണ് യോഗം ചേര്‍ന്നത്. എംഎല്‍എമാരായ എ. പ്രഭാകരന്, കെ. ബാബു, രാഹുല്‍ മാങ്കൂട്ടത്തില്‍, മുഹമ്മദ് മുഹസിന്, കെ. ശാന്തകുമാരി, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. ശ്രീലത, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയില്‍ ഒന്നാം വിളയില്‍ 74325 മെട്രിക് ടണ്‍ നെല്ല് ജില്ലയില്‍ സംഭരിച്ചിട്ടുണ്ട്. ഈ വര്‍ഷം 35,000 കര്‍ഷകര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നല്‍കാനുള്ള 84 കോടിയില്‍ 75 കോടിയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ടെന്നു യോഗത്തില്‍ ഉദ്യോഗസ്ഥർ അറിയിച്ചു.
പറമ്പിക്കുളം ട്രൈബല്‍ കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനു അല്ലിമൂപ്പന്‍ കോളനിയിലെ റോഡ് ശരിയാക്കണമെന്നും നെല്ലിയാമ്പതി പഞ്ചായത്തിലെ വഴിവിളക്കിനായുള്ള വൈദ്യുതി, കുടിവെള്ള കുടിശ്ശികകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കെ. ബാബു എംഎല്‍എ യോഗത്തില്‍ സൂചിപ്പിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ ആവശ്യപ്പെട്ടു.
പാലക്കാട് നഗരത്തില്‍ തിരക്കുള്ള സമയങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതുമൂലം രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്നതില്‍ നടപടി സ്വീകരിക്കണം.
വിദ്യാലയങ്ങള്‍ക്കും കോളേജ് പരിസരങ്ങളിലുമുള്ള റോഡുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളും, സ്പീഡ് ബ്രേക്കറുകളും സ്ഥാപിക്കുന്നതുള്‍പ്പെടെയുളള ആവശ്യമായ ഗതാഗത പരിഷ്ക്കരണം ഏര്‍പ്പെടുത്തണമെന്നും രാഹൂല്‍ മാങ്കൂട്ടത്തില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
വേനല്‍ കനക്കുന്നതിനാല്‍ ജല്‍ജീവന്‍ മിഷന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. പത്തിരിപ്പാല ജംഗ്ഷനിലും ജില്ലയിലെ പ്രധാന ജംഗ്ഷനുകളിലും സിഗ്നല്‍ ലൈറ്റുകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്നും എംഎല്‍എ കെ. ശാന്തകുമാരി പറഞ്ഞു.
അകത്തേത്തറ തേരിനു വൈദ്യുതി തടസം നേരിടുന്നതിന് പരിഹാരമായി നിര്‍ദ്ദേശിച്ചിട്ടുള്ള ഭൂമിക്കടിയിലൂടെ കേബിള്‍ വലിക്കല് പ്രവൃത്തി ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കണം. മലമ്പുഴ ഡാമിന്റെ സമീപമുള്ള പുഴയുടെ കരയില്‍ നിന്നും മണല്‍നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിന് അടിയന്തര പരിഹാരം കണ്ടെത്തണമെന്നു എ. പ്രഭാകരന് എംഎല്‍എ പറഞ്ഞു. വാഹനങ്ങള്‍ക്ക് ആര്‍സി ബുക്ക് അനുവദിക്കുന്നതില്‍ കാലതാമസം ഒഴിവാക്കാനും കാഞ്ഞിരക്കുളം കനാലില്‍നിന്ന് എല്ലായിടത്തും ജലം എത്തുന്നില്ലെന്നത് ഗൗരവമായി കാണണമെന്നും കടമ്പഴിപ്പുറം വില്ലേജിനു മുമ്പിലുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കെ. പ്രേം കുമാര്‍ എംഎല്‍എ ആവശ്യപ്പെട്ടു.