പുനർജീവനം പദ്ധതിയിൽ മധുരംകൊയ്ത് അട്ടപ്പാടി
1509142
Wednesday, January 29, 2025 2:06 AM IST
പാലക്കാട്: കുടുംബശ്രീ മിഷൻ സംയോജന പദ്ധതിയായ പുനർജീവനം കാർഷിക സംരംഭകത്വ പരിശീലന പരമ്പരയുടെ പ്രവർത്തനങ്ങൾ അട്ടപ്പാടിയിൽ നടന്നു. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവും കുടുംബശ്രീയും സംയുക്തമായി ഓഗസ്റ്റ് മാസത്തിൽ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായി അഗളി, പുതൂർ, കുറുമ്പ, ഷോളയൂർ എന്നീ പഞ്ചായത്ത് സമിതികളിൽ നിന്ന് തെരഞ്ഞെടുത്ത 40 കർഷകർക്ക് മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നതിന് ആവശ്യമായ നടീൽ വസ്തുക്കളും ജൈവ വളങ്ങളും നവംബർ അവസാന വാരത്തിൽ വിതരണം ചെയ്തിരുന്നു.
വിവിധ തരം കാർഷികോപകരണങ്ങളും നടീൽ വസ്തുക്കളും ജൈവ കീട നിയന്ത്രണ ഉപാധികളും കർഷകർക്ക് നൽകി കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ നാലാം ഘട്ട പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങ് ഇനങ്ങൾ കൃഷി ചെയ്യുകയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നതിലൂടെ തദ്ദേശീയ ജനതയുടെ പോഷകാഹാരക്കുറവ് പരിഹരിക്കുകയും മധുരക്കിഴങ്ങിന്റെ മൂല്യവർധനവിലൂടെ ഒരു പുതിയ ഉപജീവന മാർഗം സൃഷ്ടിച്ചെടുക്കുകയുമാണ് പദ്ധതി ലക്ഷ്യം.
അട്ടപ്പാടി സ്പെഷൽ പ്രൊജക്ട് അസിസ്റ്റന്റ് ഓഫീസർ ബി.എസ്. മനോജ്, കുടുംബശ്രീ ഫാം ലൈവിലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ്, കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ.എം.എസ്. സജീവ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ കെ.യു. ശ്യാം, അട്ടപ്പാടി സ്പെഷൽ പ്രോജക്ട് ഫാം ലൈവിലിഹുഡ് കോ-ഓർഡിനേറ്റർ അഖിൽ സോമൻ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. സുരേഷ്, ഡോ.സി. പ്രദീപിക, ഡോ. സംഗീത എന്നിവർ ജൈവ കീടനിയന്ത്രണ മാർഗങ്ങളെക്കുറിച്ച് ക്ലാസുകൾ എടുത്തു.