കടുവയുടെ സാന്നിധ്യം സംശയിക്കുന്ന പ്രദേശങ്ങളിൽ തെരച്ചിൽ
1509147
Wednesday, January 29, 2025 2:06 AM IST
പാലക്കയം: കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാലക്കയം, ഇഞ്ചിക്കുന്ന് ജോസഫിന്റെ ആടിനെ കടുവ പിടിച്ചു കൊന്നസ്ഥലത്തും കടുവയുടെ സാന്നിധ്യമുള്ളതായി സംശയിക്കുന്ന കണ്ടംപൊട്ടി, വട്ടപ്പാറ, പായപ്പുല്ല്, ഇരുമ്പകചോല ഭാഗങ്ങളിലെ വനാതിർത്തികളിലും സ്വകാര്യത്തോട്ടങ്ങളിലും വനപാലകർ പരിശോധന നടത്തി.
മണ്ണാർക്കാട് റേഞ്ചിലെ പാലക്കയം, മണ്ണാർക്കാട്, തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനുകളിലെയും മണ്ണാർക്കാട് ആർആർടി യിലെയും വനപാലകർ പതിനഞ്ചുപേരടങ്ങുന്ന മൂന്ന് ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
പരിശോധിച്ച ഭാഗങ്ങളിൽ വന്യജീവി സാന്നിധ്യം കണ്ടില്ലെങ്കിലും ഇരുമ്പകച്ചോല ഭാഗത്ത് കടുവയുടേതിനു സമാനമായ കാൽപാടുകൾ കണ്ടു. ഇന്നലെ രാവിലെ ഒമ്പതിന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് ഒന്നോടെ അവസാനിച്ചു.
കോങ്ങാട് എംഎൽഎ കെ. ശാന്തകുമാരി, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം കര്യൻ, പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ. നാരായണൻകുട്ടി, പഞ്ചായത്ത് അംഗങ്ങളായ തനുജ, കൃഷ്ണൻകുട്ടി എന്നിവരും സ്ഥലത്തെത്തി സ്ഥലവാസികളോടും വനപാലകരോടും സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
റേഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ. സുബൈർ ,ഡെപ്യൂ ട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ. മനോജ്, എൻ. പുരുഷോത്തമൻ, സെക്്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. സുബിൻ, എം. കിത്തലൻ, ജെയ്സൻ, ഫിറോസ് ബാബു എന്നിവർ പരിശോധകൾക്ക് നേതൃത്വം നൽകി.
തുടർന്ന് ജനപ്രതിനിധികളുമായും സ്ഥലവാസികളുമായി നടത്തിയ ചർച്ചയിൽ ഇഞ്ചിക്കുന്ന് ഭാഗത്ത് സോളാർ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാനും, പ്രദേശത്ത് നിരന്തരമായി പട്രോളിംഗും, വന്യജീവി നിരീക്ഷണവും നടത്തി പ്രദേശവാസികളുടെ ആശങ്ക അകറ്റാനും തീരുമാനിച്ചു. പ്രദേശത്തെ സ്വകാര്യ സ്ഥലങ്ങളിൽ വന്യജീവികൾക്കു തമ്പടിക്കാൻ സഹായകമായ രീതിയിൽ വളർന്നു നിൽക്കുന്ന അടിക്കാടുകൾ വെട്ടുന്നതിനായി ബന്ധപ്പെട്ട സ്ഥല ഉടമകൾക്ക് പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
കടുവയുടെ ആക്രമണത്തിൽ ആട് നഷ്ടപെട്ട ഉടമയ്ക്ക് അർഹമായ നഷ്ട പരിഹാരം നൽകുന്നതിനും തീരുമാനമായി. ഇരുമ്പകച്ചോല ഭാഗത്ത് തുടർച്ചയായി വന്യജീവി നിരീക്ഷണവും രാത്രികാലപരിശോധനയും നടത്തും.
പാലക്കയത്ത് പ്രതിഷേധസംഗമം ഇന്ന്
പാലക്കയം: മലയോരമേഖലയിൽ സ്ഥിരമായുണ്ടാകുന്ന വന്യമൃഗശല്യങ്ങളിൽ പ്രതിഷേധിച്ച് പാലക്കയത്ത് ഇന്നു വൈകുന്നേരം അഞ്ചരയ്ക്കു സർവകക്ഷി പ്രതിഷേധയോഗം നടത്തും.
വർഷങ്ങളായി ഈ പ്രദേശത്ത് കർഷകർ തങ്ങളുടെ വളർത്തമൃഗങ്ങളെ കടുവ, പുലി തുടങ്ങിയ വന്യമൃഗങ്ങൾ കൊന്നുഭക്ഷിക്കുന്നത് പതിവാണെന്നും പരാതിപ്പെട്ടിട്ട് യാതൊരുവിധ നടപടികളും സ്വീകരിക്കാൻ അധികാരികൾ തയാറായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നു പ്രതിഷേധയോഗം നടത്തുന്നതെന്നു കൺവീനർമാരായ സന്തോഷ് കാഞ്ഞിരംപാറ, ഷാജു പഴുക്കാത്തറ, സോണി പാറക്കുടി എന്നിവർ അറിയിച്ചു.