ബാംഗ്ലൂർ- കൊച്ചി വ്യവസായിക ഇടനാഴി: സ്ഥലമേറ്റെടുപ്പ് ത്വരിതപ്പെടുത്തണം: വി.കെ. ശ്രീകണ്ഠന് എംപി
1509405
Thursday, January 30, 2025 1:42 AM IST
പാലക്കാട്: ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ള ബാംഗ്ലൂർ - കൊച്ചി വ്യവസായിക ഇടനാഴിയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതപ്പെടുത്തണമെന്നു വി.കെ. ശ്രീകണ്ഠന് എംപി നിര്‍ദേശിച്ചു.
പ്രാഥമിക ഘട്ടത്തിൽ 10,000 പേർക്കും പൂർത്തീകരണ ഘട്ടത്തിൽ 25,000 പേർക്കും തൊഴിൽ നൽകുവാനാണ് ഈ പദ്ധതി ലക്ഷ്യംവയ്ക്കുന്നതെന്നും പദ്ധതിയ്ക്കായി പുതുശ്ശേരി ഗ്രാമപഞ്ചായത്തിൽ 1500 ഏക്കർ ഭൂമിയും കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ 500 ഏക്കർ ഭൂമിയും ഏറ്റെടുത്തതായും എംപി പറഞ്ഞു.
പാലക്കാട് ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോ- ഓർഡിനേഷൻ ആൻഡ് മോണിട്ടറിംഗ് കമ്മറ്റി (ദിശ) യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗി ക്കുകയായിരുന്നു എംപി. വരൾച്ചാ മുന്നോക്ക പ്രവർത്തനം എന്ന നിലയിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുകുളങ്ങൾ പുനരുദ്ധാരണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി ഏറ്റെടുക്കണമെന്നും എംപി നിർദേശിച്ചു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി. സേതുമാധവന് (പാലക്കാട്), വി. പ്രീത (മണ്ണാര്‍ക്കാട്), ഗീത മണികണ്ഠന് (പട്ടാമ്പി), സുനിത ജോസഫ് (ശ്രീകൃഷ്ണപുരം), എ. സുജാത (ചിറ്റൂര്‍), ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേവതി ബാബു (എലപ്പുള്ളി), സജ്ന സത്താര്‍ (അലനല്ലൂര്‍), ജില്ലാകളക്ടര്‍ ഡോ.എസ്. ചിത്ര, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം.കെ. ഉഷ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി.എസ്. ശുഭ, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.