വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ടു മരണം
1509044
Tuesday, January 28, 2025 11:26 PM IST
വടക്കഞ്ചേരി: മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ തിങ്കളാഴ്ച രാത്രിയും അർധരാത്രിക്കു ശേഷവുമായി രണ്ടു കിലോമീറ്ററിനുള്ളിലുണ്ടായ രണ്ടു വ്യത്യസ്ത റോഡപകടങ്ങളിൽ വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർ മരിച്ചു.
മുടപ്പല്ലൂർ അഴിക്കുളങ്ങര ക്ഷേത്രത്തിനുസമീപം മിനിലോറിയും ബൈക്കും കൂട്ടിയിടിച്ച് ചിറ്റിലഞ്ചേരി കാത്താംപ്പൊറ്റ തുടിക്കോട് കുഞ്ഞുമണിയുടെ മകൻ റോജിത്താ(17)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം.
മുടപ്പല്ലൂർ പാക്കാട്ടിൽ വാടകയ്ക്കു താമസിക്കുകയാണ് റോജിത്തും കുടുംബവും. മുടപ്പല്ലൂർ ടൗണിലെ തുണിക്കടയിൽ ജോലിചെയ്യുന്ന അമ്മ അനിതയെ വിളിക്കാൻ ബൈക്കുമായി പോകുന്നതിനിടെ നെന്മാറ ഭാഗത്തേക്കു സിനിമാഷൂട്ടിംഗിനുള്ള സാധനങ്ങളുമായി പോകുന്ന മിനിലോറിയുമായി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ റോജിത്തിനെ നെന്മാറയിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എരിമയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. സഹോദരൻ: റോഹിത്ത്.
വള്ളിയോട് കരിപ്പാലി മരപ്പേട്ടയ്ക്കു മുന്നിലാണ് തിങ്കളാഴ്ച അർധരാത്രിക്കുശേഷം പന്ത്രണ്ടരയോടെ മറ്റൊരു അപകടമുണ്ടായത്. വണ്ടാഴി പുല്ലംപാടം പരേതനായ സ്വാമിനാഥന്റെ മകൻ വിഷ്ണുദാസ്(34) ആണ് മരിച്ചത്. വെൽഡിംഗ് തൊഴിലാളിയാണ്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ പുല്ലംപാടം സ്വദേശി രതീഷ്(26) പരിക്കുകളോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
വടക്കഞ്ചേരിയിൽനിന്നു മുടപ്പല്ലൂരിനടുത്ത പുല്ലംപാടത്തെ വീട്ടിലേക്കു സ്കൂട്ടറിൽ പോകുന്നതിനിടെ നിയന്ത്രണംതെറ്റി വാഹനംമറിഞ്ഞ് ഇവർ റോഡിൽ വീഴുകയായിരുന്നു. ഈ സമയം വന്ന കാർ വിഷ്ണുദാസിന്റെ തലയിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരിച്ചു.
മറ്റൊരു വാഹനത്തിൽ വന്നിരുന്ന വടക്കഞ്ചേരി ഇ.കെ. നായനാർ ആശുപത്രിയിലെ ഡോ. ശ്രീജിത്ത് വാഹനങ്ങൾ നിർത്താൻ കൈകാണിച്ചെങ്കിലും കാർ പാഞ്ഞെത്തുകയായിരുന്നു. കാർ പിന്നീട് മംഗലംപാലത്തിനുസമീപം ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി.
പോസ്റ്റുമോർട്ടത്തിനുശേഷം വിഷ്ണുദാസിന്റെ മൃതദേഹം സംസ്കരിച്ചു. അമ്മ: കാഞ്ചന. ഭാര്യ: ദീപ്തി. മൂന്നുമാസം പ്രായമുള്ള ഒരു ആൺകുട്ടിയുണ്ട്.
പോലീസും ഫയർഫോഴ്സും മേൽനടപടികൾ സ്വീകരിച്ചു.