കല്ലഞ്ചിറ നെയ്ത്തുഗ്രാമത്തെ തൊട്ടറിഞ്ഞ് ചിറ്റൂർ കോളജ് വിദ്യാർഥിസംഘം
1509412
Thursday, January 30, 2025 1:42 AM IST
ചിറ്റൂർ: കൈത്തറി മേഖലയെ അടുത്തറിയാനും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനും ശ്രമിച്ച് ഗവ. കോളജ് ചിറ്റൂരിലെ വിദ്യാർഥി സംഘം. കോളജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികളാണ് കോമേഴ്സ് വിഭാഗം അധ്യാപകനും സംരഭകത്വ വികസന ക്ലബ്ബ് കോ-ഓർഡിനേറ്ററുമായ കെ. പ്രദീഷിന്റെ നേതൃത്വത്തിൽ പെരുവെന്പ് കല്ലഞ്ചിറ നെയ്ത്തുഗ്രാമത്തിൽ പഠനം നടത്തിയത്. തൊഴിൽപ്രശ്നങ്ങൾ, വിപണിമത്സരം, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, സാന്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രശ്നങ്ങളിലും സംരംഭകത്വം, സ്റ്റാർട്ട്അപ് എന്നീ മേഖലകളിലുമുള്ള സാധ്യതകളിലും വിദ്യാർഥികൾ പഠനം നടത്തി.
അൻപത്തിയഞ്ച് വയസിന് മുകളിലാണ് നെയ്ത്തുകാരുടെ ശരാശരി പ്രായം. അതിനാൽ തന്നെ പ്രായാധിക്യം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും യുവതലമുറയ്ക്ക് ഈ മേഖലയോടുള്ള തൊഴിൽപരമായ വിരക്തി നെയ്ത്തുതൊഴിൽ പൂർണമായും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും വിദ്യാർഥികൾ പറയുന്നു. വിപണിയിൽ നേരിട്ട് ഇടപെടാനുള്ള ബുദ്ധിമുട്ടും പവർലൂം പോലുള്ള മേഖലയിൽ നിന്നുള്ള മത്സരവും ഇവരുടെ വിപണന ശേഷിയെ കുറയ്ക്കുന്നുണ്ട്.
സ്ത്രീതൊഴിലാളികൾക്ക് നൈപുണ്യ വികസന സാധ്യതകൾ ഉണ്ടെന്നും അത്തരത്തിലുളള സർക്കാർ സംവിധാനങ്ങളുടെ ഇടപെടൽ കൂടുതൽ സ്ത്രീ സംരഭങ്ങൾക്ക് വഴി തെളിക്കുമെന്നാണ് വിദ്യാർഥികളുടെ കണ്ടെത്തൽ.
ഏകീകൃതമായ അസംസ്കൃത വസ്തുക്കളുടെ സംഭരണവും ശേഖരണവും ഗുണനിലവാര പരിശോധനയും പെരുവെന്പിലെ എല്ലാ നെയ്ത്തുകാർക്കും പ്രയോജനകരമായ നേട്ടങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിദ്യാർഥികൾക്ക് സർക്കാർ സംവിധാനത്തിന് മുന്നിൽ വെക്കുന്ന നിർദേശങ്ങൾ.
കുത്താന്പുള്ളിയിൽ നിന്നുള്ള കച്ചവടക്കാരാണ് കല്ലഞ്ചിറയിലെ നെയ്ത്തുകാർക്ക് അസംസ്കൃതവസ്തുക്കൾ വിതരണം ചെയ്യുന്നതും ഉത്പാദിപ്പിച്ച സാധനങ്ങൾ മൊത്തവിലയിൽ സംഭരിക്കുന്നതും.
അതിനാൽതന്നെ വളരെ ചെറിയലാഭം മാത്രമാണ് ഇവിടുത്തെ നെയ്ത്തുകാർക്ക് ലഭിക്കുന്നത്. യുവസംരംഭകരുടെ ഈ മേഖലയിലോട്ടുള്ള കടന്നുവരവ് നൂതന കൈത്തറി ഉത്പന്നങ്ങളുടെ ലഭ്യതയും ഗുണമേന്മയും കൂട്ടുമെന്നും തൊഴിൽ വ്യാപാര വികസനത്തിനുള്ള സാധ്യതകൾ കൂട്ടുമെന്നും ഇവർ പറയുന്നു.
104 പേരടങ്ങിയ വിദ്യാർഥികളിൽ നിന്ന് വിവിധ ഗ്രൂപ്പുകൾ തിരിഞ്ഞുള്ള പഠനത്തിന് ഫിലോസഫി വിഭാഗം അധ്യാപകൻ ഡോ. അബ്ദുൾ അസീസ്, വിദ്യാർഥികളായ സി. അനശ്വര, എസ്. ശ്രീരാഗ്, ഷെബ്ന ഹക്കീം, എ. അസ്ന എന്നിവർ നേതൃത്വം നല്കി.