ചാലിങ്കലും ആലുംമൂട്ടിലും കുടുംബസമേതം കുടിയേറിയവർ
1509138
Wednesday, January 29, 2025 2:05 AM IST
പാലക്കയം: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലക്കയത്ത് ചാലിങ്കലും ആലുംമൂട്ടിലും കുടുംബസഹിതംവന്ന് കുടിയേറിയവർ. ആലുംമൂട്ടിൽ കുര്യാക്കോസും ഭാര്യ മറിയാമ്മയും 1960 ലാണ് മുണ്ടക്കയത്തുനിന്നും പാലക്കയത്ത് എത്തുന്നത്.
അന്ന് ഒലവക്കോട് ട്രെയിനിറങ്ങി നാലുമണിക്കൂർ കാത്തിരുന്നതിനുശേഷമാണ് മണ്ണാർക്കാടിന് ബസ് കിട്ടിയത്. ഇടക്കുർശ്ശിയിൽ ഇറങ്ങി അവിടെനിന്ന് 10 കിലോമീറ്റർനടന്ന് ഇരുമ്പാമുട്ടിയിലെത്തുകയായിരുന്നു.
പാലായിൽനിന്നും നേരത്തെ പാലക്കയത്ത് എത്തിയവരുടെ സഹായം ഇവർക്കുണ്ടായിരുന്നതു രക്ഷയായി. പാലക്കയത്തുവന്ന് സ്ഥലത്തിന് അഡ്വാൻസ് നൽകി. തിരികെപോയി ഒമ്പതുമക്കളേയുംകൂട്ടി പാലക്കയത്തെത്തി സ്ഥിരതാമസമാക്കുകയായിരുന്നു.
പട്ടിണിയും രോഗങ്ങളും പിടിപെട്ടതോടെ ജീവൻപോലും അപകടാവസ്ഥയിലായി. തച്ചമ്പാറയിലും മണ്ണാർക്കാട്ടും കാൽനടയായിപോയി മരുന്നുവാങ്ങേണ്ടിവന്നു.
ഒമ്പതുമക്കളിൽ കുട്ടപ്പൻ മാത്രമാണ് ഇന്നു ജീവിച്ചിരിക്കുന്നത്. മക്കളും മരുമക്കളും പേരക്കുട്ടികളുമായി നൂറോളംപേർ ഇന്ന് പാലക്കയത്തും സമീപപഞ്ചായത്തുകളും വസിക്കുന്നുണ്ട്.
ചാലിങ്കൽ കുടുംബത്തിൽ ഇന്നു കാരണവരായി അന്നമ്മ മാത്രമണുള്ളത്.1950 ലാണ് കല്യാണം കഴിഞ്ഞ് പാലക്കയത്ത് എത്തുന്നത്. അന്നുമുതൽ തുടങ്ങിയ കഷ്ടപ്പാട് പലരൂപത്തിൽ ഇന്നും നിലനിൽക്കുന്നുണ്ട്.
കോട്ടയം പുതുപ്പള്ളിയിൽനിന്നാണ് പാലക്കയത്തേക്ക് എത്തിയത്. പത്താം ക്ലാസ് പഠനത്തിനു പുതുപ്പള്ളിയിലെത്തിയ തന്നെ ക്ലാസിൽ വരവേറ്റതു ഉമ്മൻ ചാണ്ടിയായിരുന്നുവെന്നും അന്നമ്മ ഓർത്തെടുക്കുന്നു.
മലബാറുകാരി എന്ന നിലയിൽ സ്കൂളിൽ വൻസ്വീകരണമാണ് അന്നു ലഭിച്ചത്. പിന്നീട് പാലക്കയത്തെത്തി മുളകൾകൊണ്ടു നിർമിച്ച കൂരയിലായിരുന്നു ഭർത്താവുമൊത്തു ജീവിതം ആരംഭിച്ചത്.
കരനെല്ലും കപ്പയും കുരുമുളകുമായിരുന്നു പ്രധാന കൃഷികൾ. കാട്ടുമൃഗങ്ങളും രോഗങ്ങളും ഇവരെ തകർത്തു കളഞ്ഞു.
ഭർത്താവ് ചാക്കോയുടെ മരണശേഷം മക്കളെ പഠിപ്പിച്ച് നല്ലനിലയിലെത്തിക്കാൻ കഠിനാധ്വാനം ചെയ്തു.
മക്കൾ കുടുംബ സഹിതം വിദേശത്താണ് താമസം. കൃഷിയിൽനിന്നും പണ്ടത്തെപ്പോലെ വരുമാനമില്ലെന്നും അന്നമ്മ അനുഭവം പങ്കുവയ്ക്കുന്നു. എങ്കിലും ഇതിനെല്ലാം മാറ്റംവരും എന്ന പ്രതീക്ഷയിലാണ് പാലക്കയത്തെ മുതിർന്ന വീട്ടമ്മയായ അന്നമ്മ പറയുന്നത്.