എലവഞ്ചേരി മേഖലയിൽ കാട്ടാനവിളയാട്ടം കർഷകരുടെ ഉറക്കം കെടുത്തുന്നു
1509410
Thursday, January 30, 2025 1:42 AM IST
കൊല്ലങ്കോട്: എലവഞ്ചേരി മലയോര താഴ്വരക്കു സമീപമുള്ള കൃഷിയിടങ്ങളിൽ ആനക്കൂട്ടമിറങ്ങി കാർഷികവിളകൾ നശിപ്പിക്കുന്നതിൽ കർഷകർ പരിഭ്രാന്തിയിൽ. ഒരു ഡസനിൽ കൂടുതൽ ആനകൾ പതിവായി വാഴ, തെങ്ങ്, കാർഷിക വിളകൾക്ക് സർവനാശം വരുത്തുന്നതായാണ് കർഷകർ പറയുന്നത്.
രാത്രി പത്താവുന്നതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ പടക്കം പൊട്ടിച്ച് ശബ്ദമുണ്ടാക്കാറുണ്ടെങ്കിലും ഇതിലൊന്നും ആനകൾ തിരിച്ച് കാട് കയറാറില്ല. വിവരം അറിയിച്ചാൽ വനപാലകരെത്തി റബർ ബുള്ളറ്റ് ഉപയോഗിച്ചും ഒച്ചവെച്ചും ആനകളെ വിരട്ടാറുണ്ടെങ്കിലും ആനകൾ തത്കാലം സ്ഥലം മാറുന്നതൊഴിച്ചാൽ കാടുകയറാറില്ല. ആനപ്പേടി കാരണം മലയോരപാതകളിൽ രാത്രിയാവുന്നതോടെ ജനം സഞ്ചാരം നിർത്തും. വനപാലകർ നിരന്തരം പ്രദേശത്ത് പട്രോളിംഗ് നടത്താറുണ്ടെങ്കിലും ആനകൾ വഴിമാറാതെ തന്നെയാണ് സഞ്ചാരം. വിളനാശം ഉണ്ടായ കർഷകർ വനംവകുപ്പിനു ധനസഹായത്തിന് അപേക്ഷ നൽകിയാൽ ലഭിക്കുന്നത് തുച്ഛമായ തുകയായതിനാൽ പല കർഷകരും അപേക്ഷ പോലും നൽകാതിരിക്കുന്ന സ്ഥിതിയാണ്.
പ്രദേശത്ത് സ്ഥാപിച്ച ഗ്രൗണ്ട് ഫെൻസിംഗ് ആന മരത്തടി ഉപയോഗിച്ച് തകർത്താണ് കൃഷിസ്ഥലങ്ങളിലേക്ക് ഇറങ്ങുന്നത്. ആനയിറക്കം തടയാൻ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് കർഷകർ പലതവണ വനംവകുപ്പ് ഓഫീസ് ധർണ നടത്താറുണ്ടെങ്കിലും ഇവയിലൊന്നും പ്രതിവിധികൾ ഉണ്ടാകാത്തതും കർഷകരെ നിരാശപ്പെടുത്തുന്നു.