തേനിടുക്കിൽ സർവീസ് റോഡ് മുടക്കി വാഹന പാർക്കിംഗ്
1509148
Wednesday, January 29, 2025 2:06 AM IST
വടക്കഞ്ചേരി: പോലീസിന്റെ നോ പാർക്കിംഗ് മുന്നറിയിപ്പു ബോർഡുകൾക്കു പുല്ലുവില. റോഡുകള ടച്ച് വാഹന പാർക്കിംഗ്. വടക്കഞ്ചേരി തങ്കം ജംഗ്ഷനിൽനിന്നും തേനിടുക്ക് കമ്പ്യൂട്ടർ കോളജ് വഴിയുള്ള ദേശീയപാതയുടെ സർവീസ് റോഡിലാണ് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് തുടരുന്നത്.
രാത്രികാലങ്ങളിൽ സർവീസ് റോഡ് പൂർണമായും അടയ്ക്കുംവിധമാണ് ചരക്കുലോറികൾ ഉൾപ്പെടെ വാഹനങ്ങൾ നിർത്തിയിടുക. ഇതുമൂലം സർവീസ് റോഡിലൂടെ വരുന്ന വാഹനങ്ങൾക്ക് ഈ വാഹനങ്ങളെ മറികടക്കാൻ ദേശീയപാതയിലേക്കു കയറി വരണം. ഇത് വലിയ അപകടങ്ങൾക്കും കാരണമാകും.
വാഹനങ്ങൾ നിർത്തിയിടുന്നതുമൂലം വലതുഭാഗത്തെ പോക്കറ്റ് റോഡുകളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാനോ അത്യാവശ്യങ്ങൾക്ക് സർവീസ് റോഡിലേക്ക് കടക്കാനോ കഴിയാത്ത സ്ഥിതിയുമുണ്ട്.
നിറയെ വീടുകളുള്ള പോക്കറ്റ് റോഡുകൾക്ക് മുന്നിലാണ് ഇത്തരത്തിൽ വാഹനങ്ങൾ നിർത്തുന്നത്. അത്യാവശ്യത്തിന് ഒരുവാഹനത്തിനും കടന്നുപോകാൻ ഇതുമൂലം കഴിയുന്നില്ലെന്നു വീട്ടുകാർ പരാതിപ്പെടുന്നു. ഇക്കാര്യം പലതവണ പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനധികൃത പാർക്കിംഗിനു മാറ്റമില്ല. കഴിഞ്ഞദിവസം രാത്രി പോലീസെത്തി ഡ്രൈവർമാരെ വിളിച്ചുവരുത്തി വാഹനങ്ങൾ മാറ്റിയിട്ടാണ് പോക്കറ്റ് റോഡിൽനിന്നും വാഹനം കയറിവരാൻ വഴിയൊരുക്കിയത്.
പിറ്റേദിവസം വീണ്ടും പഴയമട്ടിലായി. രാത്രിയിൽ പോലീസ് വാഹനങ്ങളും പല തവണ ഇതുവഴി പോകുന്നുണ്ടെങ്കിലും പോലീസും എല്ലാം കണ്ടും കണ്ണടക്കുകയാണ്. ഇവിടുത്തെ റോഡുകളുടെ പ്രവേശന ഭാഗത്തെല്ലാം നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പക്ഷെ, അതൊന്നും വാഹന യാത്രികർ ഗൗനിക്കുന്നില്ല. ഗെയ്റ്റുകൾക്കും റോഡിലേക്കുള്ള പ്രവേശന ഭാഗത്തും വാഹനങ്ങൾ നിർത്തിയിടാൻ പാടില്ലെന്ന സാമാന്യബോധം പോലും ഇവിടെയുണ്ടാകുന്നില്ല.