പാലക്കയത്ത് കടുവ ആടിനെ കൊന്നു
1509137
Wednesday, January 29, 2025 2:05 AM IST
പാലക്കയം: പാലക്കയത്ത് കടുവ ആടിനെ കൊന്നു. ശിരുവാണി ഇഞ്ചിക്കുന്നിൽ ചീരാംകുഴിയിൽ ജോസിന്റെ ആടിനെയാണ് കടുവ പിടിച്ചത്. ആടിനെ മേയ്ച്ച് കൃഷിയിടത്തിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് കടുവയെത്തി ആടിനെ പിടികൂടിയത്. ബഹളംവച്ച് ഓടിമാറിയതോടെയാണു ജോസ് രക്ഷപ്പെട്ടത്.
33 കിലോയോളം തൂക്കംവരുന്ന വലിയ ആടിനെയാണ് കടുവ പിടികൂടിയത്. കടുവ ആടിനെ 50 മിറ്ററോളം വലിച്ചുകൊണ്ടുപോയി. അവിടെവച്ച് കടിച്ചുകൊല്ലുകയായിരുന്നു. ആടിന്റെ കഴുത്തിൽ കടുവയുടെ പല്ല് ഇറങ്ങിയ വലിയ മുറിവുകൾ കാണാം. ജോസ് വീണ്ടും ബഹളം വച്ചപ്പോൾ കടുവ പെട്ടെന്ന് ഓടി അടുത്തുള്ള കുറ്റിക്കാട്ടിൽ മറഞ്ഞു. വനപാലകർ വന്ന് പടക്കംപൊട്ടിച്ചപ്പോൾ കുറ്റിക്കാട്ടിൽനിന്നും കടുവ അടുത്തുള്ള കാട്ടിലേക്കും കയറി.
ആടിനെത്തേടി കടുവ ഇനിയും വരുമെന്നകാര്യത്തിൽ പരിസരവാസികൾ ആശങ്കയിലാണ്. രണ്ടുവർഷംമുൻപ് ഇതേ കുടുംബത്തിന്റെ ആടിനെ പുലി പിടിച്ചപ്പോൾ ആളുകൾ ബഹളംവച്ചതിനെതുടർന്ന് ഓടിമറയുകയായിരുന്നു.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കടുവയുടെയും പുലിയുടെയും സാന്നിധ്യം ഈ പ്രദേശത്ത് നിരന്തരമുണ്ടെന്നു നാട്ടുകാർ പറയുന്നു. വിവരങ്ങൾ കൃത്യമായി വനപാലകരെ അറിയിച്ചിട്ടും മതിയായ സംരക്ഷണം നൽകാൻ വനംവകുപ്പ് തയാറായിട്ടില്ല . ഇനിയും ആടിനെത്തേടി വീട്ടിലേക്കു കടുവ വരുമോയെന്ന ഭയപ്പാടിലാണ് കുടുംബം.
ആടിനെ പിടിച്ചതു കടുവയാണെന്നു വ്യക്തമായിട്ടും അതു സമ്മതിക്കാൻ തയാറാകാത്ത വനംവകുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിരുന്നു. കടുവയുടെ ആക്രമണമുണ്ടായ സാഹചര്യത്തിൽ പാലക്കയം, ഇരുമ്പകച്ചോല, വട്ടപ്പാറ, ചീനിക്കപ്പാറ, പൂഞ്ചോല പ്രദേശങ്ങളിലെ മനുഷ്യനും അവരുടെ വളർത്തുമൃഗങ്ങൾക്കും മതിയായ സംരക്ഷണം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
അതു കടുവ തന്നെ
പാലക്കയം: ഇഞ്ചിക്കുന്നിൽ ഇന്നലെ ആടിനെ കടിച്ചുകൊന്നത് കടുവയാണെന്നു പ്രദേശവാസികളും ദൃക്സാക്ഷികളും ഉറപ്പിച്ചുപറയുമ്പോഴും കടുവയാണെന്നു സമ്മതിക്കാതെ വനംവകുപ്പ്. പുലിയാണ്, പുലിയുടെ കാൽപ്പാടുകളാണ് എന്നുപറഞ്ഞ് അധികാരികൾ തെറ്റിദ്ധരിപ്പിക്കുന്നതായി വ്യാപകമായി പരാതിയുണ്ട്. വയനാട്ടിലുണ്ടായ കടുവയുടെ ആക്രമണത്തിന്റെ ചൂടാറുന്നതിനുമുൻപ് പാലക്കയത്തു വീണ്ടും നാട്ടുകാർ പ്രശ്നങ്ങളുണ്ടാക്കാതിരിക്കാനാണ് വനംവകുപ്പ് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.