നെന്മാറ വില്ലേജിലെ ഡിജിറ്റൽസർവേ പൂർത്തിയായി: ആക്ഷേപം അറിയിക്കാം
1508737
Sunday, January 26, 2025 8:49 AM IST
നെന്മാറ: നെന്മാറ വില്ലേജിലെ ഡിജിറ്റൽസർവേ പൂർത്തിയായി. സർവേ പ്രകാരം തയാറാക്കിയ ഭൂരേഖകൾ അളുവശ്ശേരിയിലുള്ള ക്യാമ്പ് ഓഫീസിൽ പരിശോധനയ്ക്കു ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സർവേ വകുപ്പിന്റെ എന്റെഭൂമി എന്ന പോർട്ടൽ മുഖേനയും ഡിജിറ്റൽസർവേ രേഖകൾ പരിശോധിക്കാം.
ഭൂവുടമകൾക്ക് സർവേസമയത്ത് നൽകിയ മൊബൈൽ നമ്പറിലൂടെയും രേഖകൾ പരിശോധിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ സർവേ കഴിഞ്ഞ ഭൂമികളുടെ അളവും സർവേ സ്കെച്ചും പോർട്ടലിലൂടെ പരിശോധിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ഭൂവുടമകൾക്ക് ഡിജിറ്റൽ സർവേയുടെ ഭാഗമായി പുതിയ ബ്ലോക്ക് നമ്പറും സർവേ നമ്പറും ഇതിനോടകം നൽകിയിട്ടുണ്ട്.
പഴയ സർവേ നമ്പർ, തണ്ടപ്പേർ, ഭൂമിയുടെ രേഖകളുമായി പരിശോധിച്ച് ആക്ഷേപം ഉണ്ടെങ്കിൽ വെബ്സൈറ്റ് മുഖേനയോ, ക്യാമ്പ് ഓഫീസ് മുഖേനയോ ഫെബ്രുവരി 23നകം പരാതി സമർപ്പിക്കാവുന്നതാണ്. 2024 ഏപ്രിലിലാണ് നെന്മാറയിൽ ക്യാമ്പ് ഓഫീസ് തുറന്നു ഡിജിറ്റൽ സർവേ നടപടികൾ തുടങ്ങിയത്. ഒരേസമയം പത്തോളം സർവേ ടീമുകളാണ് ഡിജിറ്റൽ സർവേയ്ക്കായി പ്രവർത്തിച്ചത്.
ഡിസംബർ അവസാനത്തോടെ വില്ലേജിലെ ഭൂമി മുഴുവൻ ജിപിഎസ് ട്രാക്കിംഗ് സൗകര്യത്തോടെ ആധുനിക ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടെ അളന്ന് സ്കെച്ചുകൾ തയാറാക്കുന്ന നടപടികൾ പൂർത്തിയായി. ചിറ്റൂർ താലൂക്കിൽ നെന്മാറക്കൊപ്പം ദേശം വില്ലേജിലും ഡിജിറ്റൽ സർവേ നടപടികൾ പുരോഗമിക്കുകയാണ്.