അനങ്ങനടി ഫാമിൽ വിളയിച്ചെടുത്ത രണ്ടാംവിള നെൽകൃഷിയിൽ വിളഞ്ഞതു നൂറുമേനി
1509140
Wednesday, January 29, 2025 2:06 AM IST
ഒറ്റപ്പാലം: നെൽവിത്ത് ഉത്പാദനത്തിനായി അനങ്ങനടി ഫാമിൽ വിളയിച്ചെടുത്ത രണ്ടാംവിള നെൽക്കൃഷിയിൽ വിളഞ്ഞത് നൂറുമേനി. ഒരുപതിറ്റാണ്ടിനുശേഷമാണ് ഇത്രയുംനല്ല വിളവ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു. വിളഞ്ഞ നെല്ലിന്റെ കൊയ്ത്ത് അനങ്ങനടി പഞ്ചായത്ത് പ്രസിഡന്റ് പി. ചന്ദ്രൻ ഉദ്ഘാടനംചെയ്തു.
ഫാം ഓഫീസർ വി.ജെ. നിയ സെലിൻ അധ്യക്ഷയായി. ഫാമിലെ അഞ്ച് ഹെക്ടർ സ്ഥലത്താണ് രണ്ടാംവിള കൃഷി ചെയ്തിട്ടുള്ളത്. ഇതിനായി എഫ്എസ് വൺ, ഉമ ഇനം നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്.
ഇതിൽനിന്ന് ലഭിച്ച നെൽവിത്താണ് കർഷകർക്ക് വിത്തായി നൽകുന്നത്. കാലാവസ്ഥയെയും കീടശല്യങ്ങളെയും പ്രതിരോധിച്ചാണ് വിത്തുത്പാദനത്തിനായി ചെയ്ത നെൽക്കൃഷിയിൽ നല്ലവിളവ് ലഭിച്ചത്. കൃഷി അസിസ്റ്റന്റ് രാജേഷ്, ഫാം തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.