ദേശീയ സമ്മതിദായക ദിനം ആചരിച്ചു
1508744
Sunday, January 26, 2025 8:49 AM IST
പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ പതിനഞ്ചാമത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സ്വീപ് നോഡല്‍ ഓഫീസര്‍ കൂടിയായ ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന് പ്രേംരാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബായി തെരഞ്ഞെടുത്ത അട്ടപ്പാടി അഗളി ഐഎച്ച്ആര്‍ഡി കോളജ്, ജില്ലയിലെ മികച്ച ഇല്ക്ടറല്‍ ലിറ്ററസി ക്ലബ്ബായി തെരഞ്ഞെടുത്ത പാലക്കാട് മേഴ്സി കോളജ്, ഒറ്റപ്പാലം അലൈഡ് കോളജ് എന്നിവയെ പരിപാടിയില്‍ ആദരിച്ചു.
ജില്ലാ സ്വീപ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പ്രസംഗമത്സരങ്ങളില്‍ വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കും മികച്ച പ്രവര്‍ത്തനം നടത്തിയ ബിഎല്‍ഒമാര്‍ എന്നിവര്‍ക്കുള്ള പുരസ്കാരങ്ങളുടെ വിതരണവും നടന്നു.
ദിനാഘോഷത്തിന്റെ ഭാഗമായി അഗളി ഐഎച്ച്ആര്‍ഡി കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പരിസരത്ത് കലാപരിപാടികള്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. സജീദ് സ്വാഗതവും ഹുസൂര്‍ ശിരസ്തദാര്‍ രേഖ നന്ദിയും പറഞ്ഞു.