ഷൊർണൂർ സംസ്ഥാനത്തെ ആദ്യ സമ്പൂർണ മാലിന്യമുക്ത നഗരസഭ
1509414
Thursday, January 30, 2025 1:42 AM IST
ഷൊർണൂർ: കേരളത്തിലെ ആദ്യത്തെ സമ്പൂർണ മാലിന്യമുക്ത നഗരസഭയായി ഷൊർണൂരിനെ പ്രഖ്യാപിച്ചു. പ്രഖ്യാപന ചടങ്ങിന്റെ ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. 6000 ചതുരശ്ര അടി വിസ്തീർണമുള്ള നഗരസഭയുടെ എംസിഎഫിൽ സ്കൂൾ കുട്ടികൾക്ക് മാലിന്യ സംസ്കരണം പഠിക്കുന്നതിനുള്ള ക്ലാസ്മുറിയും ഹരിതകർമസേനയുടെ ഫെസിലിറ്റേഷൻ സെന്ററും ഒരുക്കിയിട്ടുണ്ട്.
കൂടാതെ നഗര സൗന്ദര്യവത്കരണത്തിനായി നഗരസഭ അലങ്കാര ചെടികളുടെ നഴ്സറി, ശലഭോദ്യാനം, മാലിന്യങ്ങളുടെ പ്രദർശന ഗാലറി, ജൈവ-അജൈവ മാലിന്യങ്ങളുടെ തരംതിരിക്കൽ, സംസ്കരണം എന്നിവ കൃത്യമായി നടത്തിവരുന്നുണ്ട്. സ്കൂൾ കുട്ടികൾക്കും പൊതുജനങ്ങൾക്കും മാലിന്യ സംസ്കരണ കേന്ദ്രം സന്ദർശിക്കുന്നതിനും പഠിക്കുന്നതിനും നഗരസഭ അവസരം ഒരുക്കിയിട്ടുണ്ട്.
ഇതൊക്കെയാണ് ഷൊർണൂർ നഗരസഭയെ തെരഞ്ഞെടുക്കാനുളള കാരണം. മാലിന്യമുക്ത സന്ദേശം എത്തിക്കുന്നതിനായി നഗരസഭ പ്രത്യേകം തയ്യാറാക്കിയ പരസ്യവാചകങ്ങൾ ബസിലും ഓട്ടോറിക്ഷയിലും മന്ത്രി പതിച്ച് നൽകി ഉദ്ഘാടനം നിർവഹിച്ചു.
മാലിന്യമുക്ത നഗരസഭയായി പ്രഖ്യാപിക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ച നഗരസഭ ചെയർമാനെയും ഭരണ സമിതിയെയും മന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ പി.മമ്മിക്കുട്ടി എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ്, സെക്രട്ടറി പി.എസ്. രാജേഷ്, പി. സിന്ധു, എം.കെ. ഉഷ, അജിത്ത് കാളിയത്ത്, ജി. വരുൺ, പി. സെയ്തലവി, എസ്.ജി.മുകുന്ദൻ പ്രസംഗിച്ചു.