രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങൾ മാറ്റാനുള്ള ശ്രമം പ്രതിഷേധംമൂലം നിർത്തി
1509413
Thursday, January 30, 2025 1:42 AM IST
മലമ്പുഴ: പൊതുസ്ഥലങ്ങളിലെ കൊടിതോരണങ്ങളും പരസ്യബോർഡുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മലമ്പുഴ ഇറിഗേഷൻ കാർ പാർക്കിംഗ് ഏരിയയിൽ സ്ഥാപിച്ച രാഷ്ട്രീയപാർട്ടികളുടെ കൊടിമരങ്ങൾ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരെത്തി മുറിച്ചിട്ടതിനെതിരെ ശക്തമായ പ്രതിഷേധവും ചെറിയ തോതിൽ സംഘർഷവും ഉണ്ടായി. പോലീസെത്തി രംഗം ശാന്തമാക്കി.
തങ്ങൾക്ക് നോട്ടീസ് തരാതെ കൊടിമരങ്ങൾ മുറിച്ചു മാറ്റിയതിനെതിരെയായിരുന്നു പ്രതിഷേധം. പഞ്ചായത്ത്, ജലസേചന വകുപ്പ് അധികൃതർ, പോലീസ്, രാഷ്ട്രീയപാർട്ടി നേതാക്കൾ എന്നിവർ സംയുക്തമായി ആലോചിച്ച് തീരുമാനിക്കാമെന്ന നിലപാടെടുത്ത് പോലീസ് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചയച്ചതോടെ പ്രവർത്തകർ വീണ്ടും കൊടിമരം നാട്ടി. ഇറിഗേഷൻ വക സ്ഥലത്ത് നിൽക്കുന്ന ഇത്തരം വസ്തുക്കൾ മാറ്റേണ്ടത് ആവകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും അവർ മാറ്റിയില്ലെങ്കിൽ അവർക്ക് നോട്ടീസ് നൽകേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്തമാണെന്നും പഞ്ചായത്തുവക പൊതുസ്ഥലങ്ങളിൽ ഉള്ളവ മാറ്റേണ്ട ഉത്തരവാദിത്തം പഞ്ചായത്തിനാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.