വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പുനഃസ്ഥാപിച്ചില്ല
1479060
Thursday, November 14, 2024 6:55 AM IST
വടക്കാഞ്ചേരി: ദശാബ്ദംമുമ്പ് ജില്ലാ ആശുപത്രിയായി ഉയർത്തിയ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ഇനിയും പുനഃസ്ഥാപിച്ചില്ല.
മുന്നുപതിറ്റാണ്ടുമുമ്പുവരെ പോസ്റ്റുമോർട്ടംനടന്ന ആശുപത്രിയാണിത്. മുളങ്കുന്നത്തുകാവിൽ മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തനക്ഷമമായതോടെയാണു താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം ഒഴിവാക്കി തുടങ്ങിയത്.
ഇപ്പോൾ പോസ്റ്റുമോർട്ടം കേസുകൾ എത്തിയാൽ നേരെ മെഡിക്കൽ കോളജിലേക്കു വിടുകയാണു ജില്ലാ ആശുപത്രി അധികൃതർ ചെയ്യുന്നത്. തലപ്പിള്ളി താലൂക്കിലെ തിരുവില്വാമല, പഴയന്നൂർ, മായന്നൂർ, എളനാട്, കൊണ്ടാഴി, ദേശമംഗലം എന്നീ ദൂരസ്ഥലങ്ങളിൽനിന്നു മൃതദേഹവുമായി വരുന്നവർക്ക് വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം സൗകര്യമുണ്ടാകുന്നത് ഏറെ അനുഗ്രഹമാണ്.
ഇവിടെ പോസ്റ്റുമോർട്ടം നടത്തുന്നതിനു സാങ്കേതിക തടസങ്ങളൊന്നും ഇല്ലാതിരുന്നിട്ടും അതിനുനടപടി ഉണ്ടാവാത്തതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.