പെരിയാർ സംരക്ഷണത്തിന് പ്രത്യേക അഥോറിറ്റി: അടിയന്തരമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
1571932
Tuesday, July 1, 2025 7:21 AM IST
കൊച്ചി: പെരിയാറിന്റെ സംരക്ഷണത്തിന് പ്രത്യേക അഥോറിറ്റി രൂപീകരിക്കണമെന്ന മുന്‍ നിര്‍ദേശം സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. കുഴിക്കണ്ടം തോടിന്റെ ശുചീകരണവുമായി ബന്ധപ്പെട്ട് അസോസിയേഷന് ഓഫ് ഗ്രീന്‍ ആക്ഷന്‍ ഫോഴ്സ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
കുടിനീരിനായി സമൂഹം ആശ്രയിക്കുന്ന പെരിയാര്‍ ഇനിയും മലിനീകരിക്കപ്പെടരുത്. വേഗത്തിലുള്ള നടപടികള്‍ കൈക്കൊള്ളാന്‍ അഥോറിറ്റി അനിവാര്യമാണെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
നിരന്തരം മലിനജലം കുടിച്ച് ജനങ്ങള്‍ രോഗാവസ്ഥയിലാകാനുള്ള സാധ്യത നിലനില്ക്കുന്നു. അതിനാല്‍ നദിയുടെ മേല്‍നോട്ടത്തിനുള്ള ഒരു അഥോറിറ്റിയാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി എട്ടിന് വീണ്ടും പരിഗണിക്കും.