ഡിജെ പാര്‍ട്ടിക്കിടെ കടന്നുപിടിച്ച യുവാവിനെ യുവതി വൈന്‍ ഗ്ലാസ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു
1571596
Monday, June 30, 2025 4:49 AM IST
കേസെടുത്ത് പോലീസും എക്സൈസും
കൊച്ചി: ഡിജെ പാര്‍ട്ടിക്കിടെ കടന്നുപിടിച്ച യുവാവിനെ യുവതി വൈന്‍ ഗ്ലാസ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെ കതൃക്കടവിലെ മില്ലേനിയല്‍സ് (ഇടശേരി) ബാറില്‍ ആയിരുന്നു സംഭവം. സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനുപുറമേ ബാര്‍ ഉടമയ്ക്കെതിരെ എക്സൈസും കേസ് എടുത്തു.
സംഭവത്തില്‍ എറണാകുളത്ത് ജോലി ചെയ്യുന്ന ഉദയംപേരൂര്‍ സ്വദേശിനിയായ 29കാരിക്കെതിരെയാണ് പോലീസിന്റെ ആദ്യകേസ്. ലൈംഗിക ഉദ്ദേശത്തോടെ ഇവരെ കടന്നുപിടിച്ചതിന് ഇടുക്കി തൊടുപുഴ സ്വദേശിക്കെതിരെയാണ് രണ്ടാമത്തെ കേസ്. ആദ്യ കേസില്‍ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. യുവാവിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ഉദയംപേരൂര്‍ സ്വദേശിനിയും സുഹൃത്തുക്കളും തൊടുപുഴ സ്വദേശിയായ യുവാവിന്റെ സുഹൃത്തുക്കളുടെ സംഘവുമാണ് ഡിജെ പാര്‍ട്ടിക്ക് എത്തിയത്. പരിപാടിക്കിടെ യുവാവ് യുവതിയോട് മോശമായി പെരുമാറി. ഒരു തവണ താക്കീത് ചെയ്തെങ്കിലും ദുരുദ്ദേശത്തോടെ വീണ്ടും കടന്നുപിടിച്ചതോടെ യുവതി വൈന്‍ ഗ്ലാസ് കൊണ്ട് അടിക്കുകയായിരുന്നു. ഇതോടെ ഡിജെ പാർട്ടി നിർത്തിവച്ചു. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ ചെവിക്ക് പിന്നിലാണ് അടിയേറ്റത്. പ്രാഥമിക ചികിത്സതേടിയ ഇയാള്‍ ആശുപത്രിവിട്ടു.
ഇരുവരെയും ഇന്നലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് തൊടുപുഴ സ്വദേശിക്കെതിരെ കേസ് എടുത്ത്. ഇതിനിടെ സിസിടിവി ദൃശ്യം പരിശോധിച്ച പോലീസ് യുവതിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. അനുമതിയില്ലാത്ത മദ്യം വിളന്പിയതിനാണ് എക്സൈസ് കേസെടുത്തത്.