ടൗണ്‍ഷിപ്പ് മാതൃകയിൽ ഭവന പദ്ധതി
1571918
Tuesday, July 1, 2025 7:21 AM IST
മൂവാറ്റുപുഴ: മാറാടിയിൽ ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ഷിപ്പ് മാതൃകയിൽ ഭവന പദ്ധതി വരുന്നു. എം.എൻ ഭവന പദ്ധതിയിൽ നിർമിച്ച കുന്നുംപുറം ലക്ഷംവീട് ഉന്നതിയിലാണ് ആധുനിക സൗകര്യങ്ങളോടെ ടൗണ്‍ഷിപ്പ് മാതൃകയിൽ ഭവന പദ്ധതി ഒരുങ്ങുന്നത്.
പദ്ധതിയുടെ ഭാഗമായി മാറാടി പഞ്ചായത്തിലെ ആറാം വാർഡിലെ എം.എൻ ഭവന പദ്ധതിയിൽ നിർമിച്ച കാലപ്പഴക്കം ചെന്ന 11 വീടുകളും പൊളിച്ചുമാറ്റി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തൃതല പഞ്ചായത്ത് തുക ഉപയോഗിച്ചും സുമനസുകളുടെ സഹായത്തോടെയും പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി സ്വന്തം നിലയ്ക്ക് കണ്ടെത്തിയ തുകകളും കൂടി ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക. 1973ൽ കുന്നുംപുറത്തെ എം.എൻ ഭവന പദ്ധതിലുടെ നിർമിച്ച ലക്ഷംവീടുകൾ ഏത് നിമിഷവും ഇടിഞ്ഞ് വീഴാറായ അവസ്ഥയിലായിരുന്നു.
അറ്റകുറ്റപ്പണികൾ ചെയ്യാതെ ചോർന്നൊലിച്ച് വിണ്ടുകീറിയ ഭിത്തികളും ചിതലരിച്ച പട്ടികകളും ടാർപ്പ വലിച്ചുകെട്ടിയ മേൽക്കൂരയ്ക്ക് കീഴിലുള്ള ഇരട്ട വീടുകളിൽ ഭീതിയോടെ കഴിഞ്ഞിരുന്ന ആളുകളുടെ അവസ്ഥ പഞ്ചായത്തംഗം രതീഷ് ചെങ്ങാലിമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ ലക്ഷം വീടുകളിലെ ആളുകളെ നേരിൽകണ്ടു.
ഗുരുതരരോഗം ബാധിച്ചവരും പ്രായാധിക്യം മൂലം കഷ്ടത അനുഭവിക്കുന്ന ഇവരുടെ അവസ്ഥ നേരിൽകണ്ട പ്രസിഡന്റ് ഉടൻതന്നെ അവർക്ക് വീട് പണിത് നൽകാമെന്ന് ഉറപ്പുനൽകി. വീടു പണിയുന്നതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രശ്നം എം.എൻ ഭവന പദ്ധതി പ്രകാരം നിർമിച്ച ലക്ഷം വീടുകൾക്കുള്ളിലേക്ക് മൂന്നടി മാത്രം വീതിയുള്ള നടപ്പുവഴി മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ഭാഗങ്ങളിലായി 200 മീറ്ററോളം അകലെയുള്ള വീടുകളിലേക്ക് വീട് പണിക്ക് ആവശ്യമായ സാധനങ്ങൾ തലച്ചുമടായി കൊണ്ടുപോകേണ്ട അവസ്ഥയിലായിരുന്നു.
ആദ്യം തന്നെ അവിടേക്ക് വലിയ വാഹനങ്ങൾ എത്തുന്നതിന് റോഡ് നിർമിച്ച് കോണ്‍ക്രീറ്റ് ചെയ്തു. തുടർന്ന് നിലവിലെ വീടുകൾ പൊളിച്ചുമാറ്റി കുത്തനെയുള്ള പ്രദേശങ്ങളിലെ മണ്ണുകൾ നീക്കം ചെയ്ത് നിരപ്പുള്ള സ്ഥലമാക്കി മാറ്റി. എല്ലാ വീടുകളിലേക്കും വാഹനം എത്തുന്നതിന് വഴികൾ നിർമിച്ച് വീട് പണിയുന്നതിനുള്ള പ്ലാൻ തയാറാക്കി വാനം കീറി വീട് നിർമാണം പൂർത്തിയാക്കുന്നതിനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് പ്രസിഡന്റ്.
പദ്ധതിയുടെ നിർമാണോദ്ഘാടനം മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് വച്ച് നൽകുന്നതിനായി രാഹുൽ കണ്‍സ്ട്രക്ഷൻ എംഡി രാജു ചാക്കോ ആടുകുഴി 25 ലക്ഷം നൽകാമെന്ന് പഞ്ചായത്ത് പ്രസിഡന്റിന് ഉറപ്പു നൽകി. വൈഎംസിഎ പ്രസിഡന്റ് രാജേഷ് മാത്യു, ഷാൻസ് പോൾ, ഫെലെക്സി കെ. വർഗീസ്, കുര്യാക്കോസ് ഇത്തുണിക്കൽ, ലയണ്‍സ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സഹായഹസ്തവുമായി ഇവർക്കൊപ്പമുണ്ട്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി, പഞ്ചായത്തംഗങ്ങളായ സാജു, ജിഷ ജിജോ, ബിനീഷ് ഷൈമോൻ, രമ രാമകൃഷ്ണൻ, ഷൈനി മുരളി, സരള രാമൻനായർ, ഷിജി ഷാമോൻ, ലയൻസ് ക്ലബ് ഭാരവാഹികളായ ജഗൻ ജെയിംസ്, ജയ ബാലചന്ദ്രൻ, നീന സജീവ്, എൻ.എം. വർഗീസ്, ടോമി പാലമല, സി.പി. ജോയി, വി.ജി. ഏലിയാസ്, സാജു കുന്നപ്പിള്ളി, മാത്യു ഉറുന്പിൽ, സജി പൈറ്റാട്ടിൽ, സി.വി. ജയ്സണ്‍, ബെന്നി എരപ്പിൽ, സി. പൗലോസ് മണിതോട്ടം, ജോർജ് മുടവന്തിൽ, ബിജു മണ്ണാർകുഴി, ടി.കെ. ഷിയാസ് തുടങ്ങിയവർ പങ്കെടുത്തു.