മണികണ്ഠന്‍ചാലില്‍ കാണാതായ യുവാവിനായി അഞ്ചാം ദിവസത്തെ തെരച്ചിലും വിഫലം
1571584
Monday, June 30, 2025 4:36 AM IST
കോതമംഗലം: മണികണ്ഠന്‍ചാല്‍ ചപ്പാത്തിലൂടെ നടന്നുനീങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ രാധാകൃഷ്ണനായി അഞ്ചാം ദിവസം നടത്തിയ തെരച്ചിലും വിഫലമായി. മണികണ്ഠൻചാൽ വർക്കൂട്ടുമാവിള രാധാകൃഷ്ണനാണ് (ബിജു-37) ബുധനാഴ്ച രാവിലെ ആറരയോടെ ഒഴുക്കിൽപ്പെട്ടത്.
സ്വകാര്യ ബസ് തൊഴിലാളിയായ ബിജു ജോലിക്കായി പൂയംകുട്ടിക്കു പോയതായിരുന്നു. കഴിഞ്ഞ നാല് ദിവസങ്ങളിൽ നേവിയുടെയും അഗ്നിരക്ഷാസേന സ്കൂബ, എൻഡിആ എഫ് ടീമിന്റെയും നേതൃത്വത്തിൽ മേഖലയിൽ വ്യാപകമായി തെരച്ചിൽ നടത്തിയിരുന്നു.
അഞ്ചാം ദിവസമായ ഇന്നെലെ രാവിലെ 7.30 മുതൽ കുട്ടമ്പുഴ, ആനക്കയം, ബ്ലാവന, മണികണ്ഠൻചാൽ ചപ്പാത്ത് ഭാഗങ്ങളിലായി അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി. വന മേഖലയിൽ കുട്ടമ്പുഴ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം തെരച്ചിലിന് നേതൃത്വം നൽകി.
പാണിയേലി പോര് ഭാഗത്ത് കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനമേഖലയിലും ആലുവ, കൊടുങ്ങല്ലൂർ മേഖലകളിലും അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിലും തെരച്ചിൽ നടത്തി.
കോസ്റ്റൽ പോലീസ് സ്റ്റേഷൻ പരിധികളിൽ ബന്ധപ്പെട്ട എസ്എച്ച്ഒമാരുടെ നേതൃത്വത്തിലും ബിജുവിനായി തെരച്ചിൽ നടത്തി. ആന്റണി ജോൺ എംഎൽഎ, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കോതമംഗലം തഹസിൽദാർ എം. അനിൽകുമാർ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.