ലഹരിവിരുദ്ധ ഓട്ടൻതുള്ളലുമായി എക്സൈസ് ഇൻസ്പെക്ടർ
1571931
Tuesday, July 1, 2025 7:21 AM IST
കൊച്ചി: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എറണാകുളം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ വി. ജയരാജൻ അവതരിപ്പിച്ച ഓട്ടൻതുള്ളലിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും നിറഞ്ഞ കൈയടി. വടുതല ഡോൺബോസ്കോ സ്കൂളിലായിരുന്നു വേറിട്ട ബോധവത്കരണ പരിപാടി. സ്കൂൾ പിടിഎയും മാനേജ്മെന്റും വിമുക്തി മിഷനും ചേർന്നാണ് ഓട്ടൻതുള്ളൽ സംഘടിപ്പിച്ചത്.
ജയരാജന്റെ 588 -ാമത്തെ വേദിയായിരുന്നു ഡോൺബോസ്കോയിലേത്. കൈകാലുകൾ ബന്ധിച്ചു പെരിയാർ നീന്തികടന്ന ഡോൺ ബോസ്കോ വിദ്യാർഥികളായ കേദാർ,തരുണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. റെക്ടർ ഫാ. ഷിബു ഡേവിസ്, ഫാ. കുര്യാക്കോസ് ശാസ്താംകാല, ഫാ. മാനുവൽ ഗിൽട്ടൻ, പിടിഎ പ്രസിഡന്റ് പ്രവീൺ ജോളി, അധ്യാപകരായ അനിറ്റ ആൽവിൻ, മേരി ഷീജ എന്നിവർ പ്രസംഗിച്ചു.