കൊ​ച്ചി: മ​ര​ണ​ശേ​ഷം തന്‍റെ മൃ​ത​ദേ​ഹം വൈ​ദ്യ​പ​ഠ​ന​ത്തി​ന് വി​ട്ടു​ന​ല്‍​ക​ണ​മെ​ന്ന​താ​യി​രു​ന്നു വി.​കെ. ജോ​സ​ഫി​ന്‍റെ ആ​ഗ്ര​ഹം. മ​ര​ണം അ​വ​ശേ​ഷി​പ്പി​ച്ച തീ​രാ​വേ​ദ​ന​യി​ലും ജോ​സ​ഫി​ന്‍റെ അ​ന്ത്യാ​ഭി​ലാ​ഷം നി​റ​വേ​റ്റാ​നാ​യ​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തി​ലാ​ണ് കു​ടും​ബാം​ഗ​ങ്ങ​ള്‍.

ഇ​ന്ത്യ​ന്‍ നേ​വി​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളു​ടെ സേ​വ​ന​ത്തി​നു​ശേ​ഷം സാ​മൂ​ഹി​ക​സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് വ​ഴി​മാ​റി ന​ട​ന്ന വാ​ഴ​ക്കാ​ല സ്വ​ദേ​ശി വി.​കെ. ജോ​സ​ഫ് (79) ആ​ണ് മ​ര​ണ​ശേ​ഷ​വും വേ​റി​ട്ട വ​ഴി​യി​ലൂ​ടെ മാ​തൃ​ക​യാ​യ​ത്.

വാ​ഴ​ക്കാ​ല സെ​ന്‍റ് കു​ര്യാ​ക്കോ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ന്ന സം​സ്‌​കാ​ര ശു​ശ്രൂ​ഷ​ക​ള്‍​ക്കുശേ​ഷം ബ​ന്ധു​ക്ക​ള്‍ മൃ​ത​ദേ​ഹം അ​മൃ​ത മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് കൈ​മാ​റി. ഇ​ങ്ങ​നെ​യൊ​രു ആ​ഗ്ര​ഹം മൂ​ന്നു​മാ​സം മു​മ്പേ പി​താ​വ് അ​റി​യി​ച്ചി​രു​ന്നു. അ​ച്ഛ​ന്‍റെ മ​ര​ണ​ശേ​ഷം ആ ​ആ​ഗ്ര​ഹം ത​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ക​ന്‍ ക്യാ​പ്റ്റ​ന്‍ ജോ​ര്‍​ജ് സോ​ണി പ​റ​ഞ്ഞു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​തി​ന് വാ​ഴ​ക്കാ​ല​യി​ലെ വീ​ട്ടി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ച മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ര​വ​ധി​പേ​ര്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ നേ​വി​യി​ല്‍ ഏ​വി​യേ​ഷ​ന്‍ സേ​ഫ്റ്റി എ​ക്യു​പ്‌​മെന്‍റ് വി​ഭാ​ഗ​ത്തി​ല്‍ 15 വ​ര്‍​ഷം പ്ര​വ​ര്‍​ത്തി​ച്ച അ​ദ്ദേ​ഹം 1965, 1971 യു​ദ്ധ​ങ്ങ​ളി​ല്‍ ഐ​എ​ന്‍​എ​സ് വി​ക്രാ​ന്ത് യു​ദ്ധ​ക്ക​പ്പ​ലി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു.

രാ​ജ്യ​സേ​വ​ന​ത്തി​ന് സ​മ​ര്‍ സേ​വാ സ്റ്റാ​ര്‍, പൂ​ര്‍​വി സ്റ്റാ​ര്‍, പ​ശ്ചി​മി സ്റ്റാ​ര്‍ എ​ന്നീ അം​ഗീ​കാ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. കെ​ല്‍​സ​യി​ല്‍ അം​ഗ​മാ​യി​രു​ന്ന വി.​കെ. ജോ​സ​ഫ് കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ്, സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍, സ​ഭ​യു​ടെ ലി​റ്റ​ര്‍​ജി​ക്ക​ല്‍ ക​മ്മീ​ഷ​ന്‍ അം​ഗം എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചു. ദീ​ര്‍​ഘ​നാ​ള്‍ സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​നു​മാ​യി​രു​ന്നു.

അ​റി​വ് നേ​ടു​ന്ന​തി​നും പ​ക​ര്‍​ന്നു കൊ​ടു​ക്കു​ന്ന​തി​ലും ഏറെ ഉൽസുകനായിരു​ന്ന അ​ദ്ദേ​ഹം സ​ര്‍​വീ​സി​ല്‍ നി​ന്നു വി​ര​മി​ച്ച ശേ​ഷം കു​ട്ടി​ക​ള്‍​ക്ക് മോട്ടിവേഷൻ ക്ലാ​സു​ക​ളും കൗ​ണ്‍​സി​ലിം​ഗും മറ്റും ന​ല്‍​കു​ന്ന​തി​ലും സ​ജീ​വ​മാ​യി​രു​ന്നു. 70 വ​യ​സി​നുശേ​ഷം എം​ഫി​ല്‍, എം​എ​സ്‌​സി സൈ​ക്കോ​ള​ജി ബി​രു​ദ​ങ്ങ​ള്‍ നേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഠി​നാ​ധ്വാ​ന​വും അ​റി​വ് നേ​ടാ​നും സേ​വ​നം ചെ​യ്യാ​നു​മു​ള്ള താ​ല്പ​ര്യ​വും ത​ല​മു​റ​ക​ള്‍​ക്ക് മാ​തൃ​ക​യാ​ണ്.

ഉ​ഴ​വൂ​ര്‍ സ്വ​ദേ​ശിനി മേ​രി ജോ​സ​ഫാ​ണ് ഭാ​ര്യ. മ​റ്റു മ​ക്ക​ള്‍: സോ​യ ബാ​ബു (ഫി​സി​യോ​തെ​റാ​പ്പി​സ്റ്റ്, യു​എ​സ്എ), സോ​ളി ജോ​സ​ഫ് (അ​ധ്യാ​പി​ക, യു​എ​ഇ). മ​രു​മ​ക്ക​ള്‍: ബാ​ബു (യു​എ​സ്എ), അ​ന്‍റു (യു​എ​ഇ), ജി​ജി (ഇ​ന്ത്യ പോ​സ്റ്റ്‌​സ്).