ജിയയ്ക്ക് തല ചായ്ക്കാൻ ജനകീയ പങ്കാളിത്തത്തിൽ വീടൊരുങ്ങുന്നു
1569081
Saturday, June 21, 2025 4:23 AM IST
വൈപ്പിൻ: ജിയാ നെൽസനു തലചായ്ക്കാനായി കാരുണ്യത്തിന്റെ തണലിൽ തെക്കൻ മാലിപ്പുറത്ത് സുരക്ഷിത ഭവനമൊരുങ്ങുന്നു. എ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് വീടു നിർമിക്കുന്നത്.
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിട്ടു ശയ്യാവലംബയായ 27 കാരി ജിയയും അമ്മ ഹേനയും പിതാവ് നെൽസനും സ്വന്തമായി വീടില്ലാതെ 25 വർഷത്തിലേറെയായി വാടക വീട്ടിലാണ് താമസിച്ചു വന്നിരുന്നത്.
ഇതിനിടെ കുടുംബത്തിൻരെ ഏക ആശ്രയമായിരുന്ന പിതാവിന്റെ വേർപാട് ജിയയേയും അമ്മയേയും അനാഥമാക്കി. ഇതോടെ ജിയയുടെ ചികിത്സ പോലും മുടങ്ങി. ഇതിനിടയിലാണ് ജനകീയ പങ്കാളിത്തത്തോടെയുള്ള ഭവന പദ്ധതിയുമായി എംഎൽഎ മുന്നോട്ടു വന്നത്.
വീടിന്റെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം എംഎൽഎയും സാജ് ഗ്രൂപ്പ് എംഡി സാജൻ വർഗീസും ചേർന്ന് നിർവഹിച്ചു.
പി.പി.ജെയിംസ്, പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലാര സൈമൺ, ഭവന മേൽനോട്ട സമിതി ജനറൽ കൺവീനർ ആൽബി കളരിക്കൽ, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് മറ്റത്തിൽ ഹെൻസൻ ജോസഫ് എന്നിവർ സംസാരിച്ചു.