കടൽകയറ്റം; എട്ടു വീടുകൾ തകർന്നു : ഉള്ളുലഞ്ഞ് കണ്ണമാലി
1568285
Wednesday, June 18, 2025 4:15 AM IST
പള്ളുരുത്തി: കണ്ണമാലിയിൽ തുടർച്ചയായ മൂന്നാം ദിവസവും കടൽകയറ്റം രൂക്ഷമായതോടെ പ്രദേശത്ത് ജനജീവിതം പൂർണമായും സ്തംഭിച്ചു. എട്ടു വീടുകൾ തകർന്നു. ഇന്നലെ ഉച്ചയോടെ അതിശക്തമായാണ് കടൽ കരയിലേക്ക് അടിച്ചുകയറിയത്.
ചെറിയ കടവ്, വാട്ടർ ടാങ്ക്, ഡിവൈൻ ചാപ്പൽ, ഗ്യാപ് റോഡ്, കാട്ടിപ്പറമ്പ്, കൈതവേലി, മാനാശേരി എന്നിവിടങ്ങളിലാണ് കടൽകയറ്റം രൂക്ഷമായത്. കഴിഞ്ഞ നാലു വർഷത്തിനിടെ ഏറ്റവും രൂക്ഷമായ കടൽകയറ്റമാണ് ചെല്ലാനത്ത് അനുഭവപ്പെടുന്നത്. അഞ്ഞൂറോളം വീടുകളിൽ വെള്ളം കയറി.
വീടിനുള്ളിൽ ഉണ്ടായിരുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ ഉപയോഗശൂന്യമായി. കുടിക്കാൻ പോലൂം വെള്ളമില്ല. പ്രാഥമിക ആവശ്യങ്ങൾപോലും നിർവഹിക്കാനാകാത്ത സാഹചര്യമാണുള്ളത്. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ക്യാന്പുകളിൽ പോകാൻ ആരും തയാറാകുന്നില്ല. ഇവർ റോഡിലാണ് അഭയം തേടുന്നത്.
ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും സന്നദ്ധ സംഘടനകൾ വഴി എത്തിക്കാൻ കൊച്ചി തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ് മുൻകൈയെടുത്ത് നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാലും പ്രദേശവാസികളുടെ പ്രതിഷേധത്തിന് കുറവില്ല.
ഇന്നലെ രാവിലെ ജിയോ ബാഗ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിക്കുമെന്ന ഉറപ്പിൽ നാട്ടുകാർ റോഡ് ഉപരോധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇന്നലെയും ജോലികൾ ആരംഭിച്ചില്ല. മഴയത്ത് ജോലികൾ ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇതോടെ ജനം വീണ്ടും റോഡ് ഉപരോധം തുടങ്ങുകയായിരുന്നു.
ചെറിയകടവിലും കണ്ണമാലിയിലുമാണ് റോഡ് ഉപരോധിച്ചത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. തഹസിൽദാർ ചെറിയ കടവിലെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
താൽക്കാലിക പ്രതിരോധമായി ജിയോ ബാഗ് സ്ഥാപിക്കുന്നതിന് പകരം നിലവിൽ അനുവദിച്ച ഒന്നരക്കോടി രൂപ വിനിയോഗിച്ച് കരിങ്കല്ലുകൾ സ്ഥാപിക്കണമെന്ന ആവശ്യം പ്രതിഷേധക്കാർ മുന്നോട്ട് വച്ചു. ഇത് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് തഹസിൽദാർ സമരക്കാരെ അറിയിച്ചു.
ഇതോടെ നാട്ടുകാർ ചെറിയ കടവിലെ റോഡ് ഉപരോധം അവസാനിപ്പിച്ചെങ്കിലും കണ്ണമാലിയിലെ ഉപരോധം തുടർന്നു.