റോഡ് തകർന്ന നിലയിൽ
1568273
Wednesday, June 18, 2025 3:58 AM IST
പാലക്കുഴ: തൊടുപുഴ - പിറവം റോഡിൽ പാലക്കുഴ എംസി കവലയ്ക്ക് സമീപം റോഡ് തകർന്ന നിലയിൽ. കുമരകം - കന്പംമേട് സ്റ്റേറ്റ് ഹൈവേയുടെ ഭാഗമായ ടി.പി റോഡിൽ പാലക്കുഴ എം.സി കവലയ്ക്ക് സമീപം റോഡിൽ വലിയകുഴികൾ രൂപപ്പെടുകയും നിത്യേന അപകടങ്ങൾ പതിവായിരിക്കുകയാണ്.
ഈ റോഡിൽ മാറിക മുതൽ കരിന്പന വരെയുള്ള ഭാഗം ഒരു മാസം മുന്പാണ് പുനർനിർമിച്ചത്. റോഡ് ഉയർത്തുകയും ഇരുവശവും കോണ്ക്രീറ്റ് ചെയ്തു വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനുള്ള മാർഗവും സ്വീകരിച്ചിരുന്നു.
എന്നാൽ നിർമാണത്തിലെ അശാസ്ത്രീയതയും ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരമില്ലായ്മയും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഈ ഭാഗത്തെ റോഡിലെ ടാറിംഗ് പൊളിഞ്ഞു പോവുകയും വലിയ കുഴികൾ രൂപപ്പെടുന്നതിനും കാരണമായി.
മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിനിന്ന് ഇവിടെ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്. ധാരാളം സ്കൂൾ വാഹനങ്ങളും, മറ്റും കടന്നുപോകുന്ന വഴിയാണിത്. അടിയന്തരമായി റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് അധികാരികൾക്ക് പരാതി നൽകി.