ഓഞ്ഞിത്തോട് റീസർവേ : തർക്ക പ്രദേശങ്ങളിൽ നാളെ പോലീസ് സംരക്ഷണയിൽ കല്ലിടൽ
1568264
Wednesday, June 18, 2025 3:47 AM IST
ആലുവ: മൂന്ന് വർഷത്തിന് ശേഷം റീസർവേ പൂർത്തിയായ ഓഞ്ഞിത്തോടിൽ നാളെ പോലീസ് സഹായത്തോടെ അതിർത്തി കല്ലുകളിടും. പ്രശ്നബാധിത മേഖലയായ ഏലൂക്കരയിലെ 37 അടക്കം 213 അതിർത്തികല്ലുകളാണ് തോട് കടന്നു പോകുന്ന മേഖലകളിൽ ഇനിയും സ്ഥാപിക്കേണ്ടത്. മൂന്ന് വർഷം നീണ്ട സർവേയിൽ 300 ഓളം കല്ലുകൾ സ്ഥാപിച്ചിരുന്നു.
കടുങ്ങല്ലൂർ പഞ്ചായത്തിൽ 404, ആലങ്ങാട് പഞ്ചായത്തിൽ 183 ഉൾപ്പെടെ ആകെ 587 കല്ലുകളാണ് ആകെ ഉള്ളത്. ഇനി ഇടേണ്ട 213 ൽ 132, 81 കല്ലുകളാണ് യഥാക്രമം കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലായി സ്ഥാപിക്കേണ്ടത്. ഏറ്റവും കൂടുതൽ തർക്കം ഉള്ളത് ഇലഞ്ഞി ചുവടിലാണ്.
രണ്ട് പഞ്ചായത്തുകളിലായി ഓഞ്ഞിത്തോടിന്റെ 64 കൈയേറ്റങ്ങളാണ് മൂന്ന് ഘട്ടങ്ങളായി നടത്തിയ റീസർവ്വെയിൽ കണ്ടെത്തിയത്. 2022 ൽ പുഴയുടെ അതിർത്തി നിർണയം നടത്തിയെങ്കിലും അതിർത്തി കല്ലുകൾ മുഴുവനായി സ്ഥാപിക്കുന്നതിൽ കടുങ്ങല്ലൂർ ആലങ്ങാട് പഞ്ചായത്തുകൾ, സർക്കാർ വകുപ്പുകളും താത്പര്യം എടുത്തില്ലെന്നാണ് ഓത്തിത്തോട് സംരക്ഷണ സമിതിയുടെ പരാതി.
ഓഞ്ഞിത്തോട് സംരക്ഷണ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിച്ചതോടെയാണ് മുടങ്ങിക്കിടന്ന സർവേ നടപടികൾ പുന:രാരംഭിച്ചത്.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഴക്കാലത്ത് അനുഭവപ്പെടുന്ന വെള്ളക്കെട്ടിന് പരിഹാരമായി ഓഞ്ഞിത്തോട് വൃത്തിയാക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഓപ്പറേഷൻ വാഹിനിയിൽ പെടുത്തിയാണ് ശുചീകരണം നടപ്പിലാക്കുക.