കാണാതായ പെൺകുട്ടികളെ കണ്ടെത്തി
1568066
Tuesday, June 17, 2025 7:29 AM IST
പറവൂർ: പറവൂരിലെ എസ്സി എസ്ടി പ്രീമെട്രിക്ക് ഹോസ്റ്റലിൽനിന്നും കാണാതായ മൂന്നു പെൺകുട്ടികളെ കുന്ദംകുളത്തുനിന്നു പോലീസ് കണ്ടെത്തി. എട്ടും ഒമ്പതും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് തിങ്കളാഴ്ച്ച പുലർച്ചെ മുതൽ കാണാതായത്. രാത്രി ഭക്ഷണം കഴിക്കാൻ ഇവർ ഉണ്ടായിരുന്നെങ്കിലും പുലർച്ചെ നാലു മണിയോടെയുള്ള അന്വേഷണത്തിലാണ് ഇവരുടെ തിരോധാനം അധികൃതർ അറിയുന്നത്.
തുടർന്ന് നഗരസഭയിലും നഗരസഭ പോലീസിലും പരാതി നൽകിയതിനെതുടർന്ന് അന്വേക്ഷണം ആരംഭിക്കുകയായിരുന്നു. ഇവരുടെ വശം ഫോൺ ഇല്ലാതിരുന്നതിനാൽ ആദ്യം അന്വേഷണം മുന്നോട്ട് പോയില്ല. രാവിലെ10 ഓടെ ഇതിലൊരു പെൺകുട്ടി മാതാവിനെ വിളിച്ച് തങ്ങൾ സുരക്ഷിതരാണെന്നും എന്നാൽ അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു. കുന്ദംകുളം ബസ് സ്റ്റാൻഡിൽ വച്ച് ഒരു സ്ത്രീയുടെ ഫോൺ വാങ്ങിയാണ് കുട്ടി വീട്ടിലേക്ക് വിളിച്ചതെന്ന് മനസിലാക്കിയ പോലീസ് അവിടെ എത്തി ഇവരെ കണ്ടെത്തുകയായിരുന്നു. ഇവരോടൊപ്പമുണ്ടായിരുന്ന ഒരാൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.