രാജേഷ്-ബിന്ദു ദന്പതികളുടെ ഭവനസ്വപ്നം സഫലമായി
1568047
Tuesday, June 17, 2025 7:06 AM IST
കൂത്താട്ടുകുളം : സുമനസുകളുടെ കൂട്ടായ ശ്രമത്തിൽ കൂത്താട്ടുകുളം നഗരസഭ 24-ാം വാർഡിലെ താമസക്കാരായ ഒലിക്കരയിൽ രാജേഷ്-ബിന്ദു, ദന്പതികളുടെ വീടെന്ന സ്വപ്നം യാഥാർഥ്യമായി. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ഈ ദന്പതികൾക്ക് സുരക്ഷിതമായി കയറിക്കിടക്കാൻ ഒരു ഇടം ഒരുങ്ങിയത്.
ഇവർക്ക് വീടുവയ്ക്കുന്നതിനായി 2016 - 17 കാലഘട്ടത്തിൽ നാല് ലക്ഷം രൂപ പട്ടികജാതി പട്ടികവർഗ വകുപ്പിൽ നിന്ന് അനുവദിച്ചിരുന്നു. അന്ന് ആ തുകകൊണ്ട് വീടിന്റെ പ്രധാന വാർക്ക വരെ മാത്രമേ പൂർത്തീകരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ഇതിനിടെ ബിന്ദുവിന് സുഖമില്ലാതാവുകയും എറണാകുളം അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ചികിത്സയ്ക്കായി ഏറെ കഷ്ടപ്പെട്ടിരുന്നു. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ നടത്തിയിരുന്നത്.
ഇതിനിടെ താമസിക്കുന്ന വീടിന്റെ അവസ്ഥ പരിതാപകരമായതോടെ വീട് നിർമാണം പുനഃരാരംഭിക്കാനുള്ള ആഗ്രഹം മുൻ നഗരസഭാംഗം തോമസ് ജോണിന്റെ ശ്രദ്ധയിൽപ്പെടുത്തി. വീട് നിർമാണം പുനരാരംഭിക്കാനുള്ള ആലോചന നടക്കുന്ന സമയത്ത് തോമസ് ജോണ് വിദേശത്ത് താമസിക്കുന്ന മകന്റെ അടുക്കലേക്ക് പോകുകയും ചെയ്തു.
തോമസ് ജോണിന്റെ കാനഡ സന്ദർശത്തിനിടയിൽ മകന്റെ നേതൃത്വത്തിൽ ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടക്കുകയും ടൂർണമെന്റിൽ നിന്നും ലഭിച്ച തുക മകൻ, തോമസ് ജോണിന് നൽകുകയും ചെയ്തു. ഈ തുക രാജേഷ്- ബിന്ദു ദന്പതികളുടെ വീട് നിർമാണം പുനരാരംഭിക്കാൻ വിനിയോഗിക്കുകയായിരുന്നു. എന്നാൽ ആ തുകകൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് മനസിലാക്കി തോമസ് ജോണ്, കാട്ടുപാടത്ത് ഡോ. ചാക്കോച്ചനെ സമീപിക്കുകയും വീട് നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള സഹായം തേടുകയും ചെയ്തു. ഡോക്ടറുടെ സഹായത്താൽ പ്ലംബിംഗ് ഇലക്ട്രിക്കൽ ജോലികൾ പൂർത്തീകരിച്ചു.
ഇതിനൊപ്പം തന്നെ കൂത്താട്ടുകുളത്തെ ടൈൽസ് വ്യാപാരിയായ കുന്നുമേൽ റെന്നി വർഗീസ് വീടിന് ആവശ്യമായ ഫ്ളോറിംഗ് മെറ്റീരിയലുകൾ സൗജന്യമായി നൽകി. പിന്നീട് സുഹൃത്തുക്കളുടെയും സ്വകാര്യ സംഘടനകളുടെയും ചെറിയ സഹായങ്ങളും എത്തിത്തുടങ്ങി. ടിവിയും ഫ്രിഡ്ജും ഫാനുമടങ്ങുന്ന സഹായങ്ങൾകൂടി എത്തിയതോടെ വീട്ടിൽ ഐശ്വര്യത്തിന്റെ ആദ്യ തിരിതെളിഞ്ഞു.
കേവലം മൂന്നാഴ്ച കൊണ്ടാണ് പണി പൂർത്തീകരിച്ച് വീട് കുടുംബത്തിന് കൈമാറിയത്. രാജേഷും ബിന്ദുവും മക്കളും രാജേഷിന്റെ ബന്ധുവും അടക്കം അഞ്ചു പേരാണ് വീട്ടിലെ താമസക്കാർ.