കുന്നുകരയിൽ കനത്ത മഴയിൽ വീട് തകർന്നു
1567714
Monday, June 16, 2025 4:30 AM IST
നെടുമ്പാശേരി: കനത്ത മഴയിൽ വീടിന്റെ ഒരു ഭാഗം തകർന്നു വീണു. കുന്നുകര പഞ്ചായത്തിൽ അഞ്ചാം വാർഡിൽ മലായികുന്ന് വാട്ടർ ടാങ്കിന് സമീപം പുത്തൻപുരയിൽ ജ്യോതിഷിന്റെ വീടാണ് ഒരു ഭാഗം തകർന്നു വീണത്. ശനിയാഴ്ച്ച വൈകീട്ട് ആറോടെയാണ് അപകടം നടന്നത്.
ഈ സമയത്ത് വീട്ടിൽ ജ്യോതീഷിന്റെ മകൾ മാത്രമാണ് ഉണ്ടായിരുന്നത്. ശബ്ദം കേട്ട മകൾ വീടിന്റെ ഒരു ഭാഗത്തേക്ക് മാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. നടന്ന സംഭവങ്ങളെ സംബന്ധിച്ച് വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസുകളിൽ വിവരങ്ങൾ അറിയിച്ചു.
പ്രായമായ അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് ജ്യോതിഷിൻ്റെ കുടുംബം.മന്ത്രി പി. രാജീവ് സ്ഥലം സന്ദർശിച്ചു. വീട്ടുകാരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കുടുംബത്തിന് അടിയന്തിര സഹായം നൽകാൻ നടപടി സ്വീകരിക്കണമെന്ന് റവന്യൂ അധികൃതർക്ക് മന്ത്രി നിർദേശം നൽകി.