നായരമ്പലത്തും ഞാറക്കലും കടൽക്ഷോഭം
1567713
Monday, June 16, 2025 4:30 AM IST
വൈപ്പിൻ : കാലവർഷം കനത്ത തോടെ നായരമ്പലം, ഞാറക്കൽ തീരങ്ങളിൽ കടൽക്ഷോഭം രൂക്ഷമായി. നായരമ്പലം പുത്തൻ കടപ്പുറത്താണ് കടൽ കയറ്റം രൂക്ഷമായി തുടരുന്നത്. ഇവിടെ സെന്റ് ആന്റണീസ് പള്ളിയുടെ പിൻഭാഗത്തും വടക്കോട്ടു മാറി ബാലമുരുക ക്ഷേത്രത്തിന്റെ പിൻഭാഗത്തുമെല്ലാം കടൽ ക്ഷോഭിച്ച് വെള്ളം കരയിലേക്ക് കയറുന്നുണ്ട്. ഈ അടുത്ത് നിർമിച്ച തീരദേശ റോഡും പലയിടത്തും തകർന്നു.
ക്ഷേത്രത്തിനു പിന്നിൽ കാലവർഷത്തിൽ തുടക്കത്തിലെ ഉണ്ടായ കടൽ ക്ഷോഭത്തിൽ തകർന്ന ജിയോ ഭിത്തികൾക്കു പകരമായി പുതിയ ജിയോ ഭിത്തികൾ നിർമിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വീണ്ടും കടൽ കയറ്റം രൂക്ഷമായിരിക്കുന്നത്. പള്ളിയുടെ ഭാഗത്ത് കടൽ ഭിത്തി തകർന്നിട്ട് വർഷങ്ങളായെന്ന് പഞ്ചായത്തംഗം സി.സി. സിജി പറയുന്നു.
എന്നാൽ ഇവിടെ ഭിത്തി നിർമിക്കാൻ കൂട്ടാക്കാതെ എല്ലാ വർഷവും ലക്ഷക്കണക്കിനു രൂപയുടെ ജിയോ ബാഗ് സ്ഥാപിച്ച് പണം കടലിൽ ഒഴുക്കി കളയുകയാണ് ഇറിഗേഷന്റെ പതിവെന്നും പഞ്ചായത്തംഗം ആരോപിക്കുന്നു.
ഞാറക്കൽ ഒന്നാം വാർഡ് തീരദേശത്താണ് കടൽ കയറുന്നത്. വീടുകളിൽ വെള്ളം കയറുന്നുണ്ട്. ഇവിടെയും കടൽ ഭിത്തിയുടെ അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായെന്ന് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.പി.ലാലു ചൂണ്ടിക്കാട്ടി. കടൽക്ഷോഭം തടയാൻ അടിയന്തിരമായി താൽകാലിക തടയണകൾ ഞാറക്കൽ തീരദേശത്തും സ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.