പൗരാണിക കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു; ഓടു വീണ് രണ്ട് കാറിന് നാശം
1567709
Monday, June 16, 2025 4:14 AM IST
ഫോർട്ടുകൊച്ചി: പൗരാണിക കെട്ടിടമായ ബർഗൻ സ്ട്രീറ്റിലെ കൂറ്റൻ കെട്ടിടത്തിന്റെ മേൽക്കൂരയുടെ പട്ടിക ഒടിഞ്ഞ് നൂറു കണക്കിന് ഓടുകൾ താഴേക്ക് വീണ് നിറുത്തിയിട്ടിരുന്ന രണ്ടു കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ഇന്നലെപുലർച്ചെയാണ് സംഭവം നടന്നത്. ഈ സമയം റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. താഴെ പാർക്ക് ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്കാണ് ഓടുകളും പട്ടികകളും പതിച്ചത്.
പൈതൃക സംരക്ഷണ മേഖലയായതിനാൽ പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ കെട്ടിടങ്ങളുടെ നവീകരണമോ അറ്റകുറ്റപണികൾ നടത്തുവാനോ കഴിയില്ല. ഇത് കെട്ടിട ഉടമകൾക്ക് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
തകർന്ന കെട്ടിടത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് 10 കൊല്ലം മുൻപ് കൊച്ചി നഗരസഭയിലും താലൂക്കിലും ഹെറിറ്റേജ് കമ്മിറ്റിയിലും പരാതി നൽകിയിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
ഫോർട്ടുകൊച്ചിയിലെ പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കുന്നതിനും കെട്ടിടങ്ങളുടെ പ്രൗഢി നിലനിർത്തുന്നതിനും ആർക്കിയോളജി ഡിപ്പാർട്ട്മെന്റും ഹെറിറ്റേജ് കമ്മിറ്റികളും ഇത്തരം കെട്ടിടങ്ങൾക്ക് ഗ്രാന്റുകൾ നൽകണമെന്ന് കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആൻണി കുരീത്തറ ആവശ്യപ്പെട്ടു.
പൈതൃക കെട്ടിടങ്ങളുടെ മെയിന്റനൻസ് ജോലികൾ സുതാര്യമാക്കിയാൽ പൈതൃക നഗരിയിലെ ചരിത്ര സ്മാരകങ്ങൾ സംരക്ഷിക്കുവാൻ സാധിക്കുമെന്നും കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ പറഞ്ഞു.