ആലുവ നഗരസഭാ ശതാബ്ദി ആഘോഷം : ഓംബുഡ്സ്മാൻ ധനവിനിയോഗ റിപ്പോർട്ട് ആവശ്യപ്പെട്ടു
1567701
Monday, June 16, 2025 4:14 AM IST
ആലുവ: ആലുവ നഗരസഭാ ശതാബ്ദി ആഘോഷ പരിപാടികളുടെ ധനവിനിയോഗത്തിനെതിരെയുള്ള ഹർജിയിൽ വിശദമായ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ ഓംബുഡ്സ്മാൻ നിർദേശം. മുൻ നഗരസഭാ സെക്രട്ടറിയെ കക്ഷി ചേർത്ത് നോട്ടീസ് നൽകാനും തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാൻ ഉത്തരവിട്ടു.
ശതാബ്ദി ആഘോഷത്തിനായി രൂപീകരിച്ച കമ്മിറ്റി സംഭാവനകൾ സ്വീകരിക്കാനായി ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ ആലുവനഗരസഭയുടെ പാൻ നമ്പർ ആണ് ഉപയോഗിച്ചത്. എന്നാൽ
ചട്ടപ്രകാരം ഓതറൈസ്ഡ് സിഗ്നേറ്ററിയായിരിക്കേണ്ട നഗരസഭ സെക്രട്ടറിയെ ഒഴിവാക്കിയാണ് സാമ്പത്തിക ഇടപാടുകൾ നടത്തിയത്.
ഇതിൽ ഭരണ ദുർവിനിയോഗവും അഴിമതിയും ഉന്നയിച്ച് പ്രതിപക്ഷ കൗൺസിലർ എൻ. ശ്രീകാന്ത് ആണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാന് പരാതി നൽകിയത്. ആഘോഷ പരിപാടികളുടെ വരവ് ചെലവ് കണക്കുകൾ അടങ്ങുന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് ആലുവ നഗരസഭാ സെക്രട്ടറിയോട് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാൻ ആവശ്യപ്പെട്ടത്.
ആഘോഷകമ്മിറ്റി രൂപീകരണത്തിന്റെ മാനദണ്ഡങ്ങൾ, കമ്മിറ്റി ഘടന, ബാങ്ക് ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ, ഓതറൈസ്ഡ് സിഗ്നേറ്ററികൾ തുടങ്ങിയവ അടങ്ങിയ വിശദമായ റിപ്പോർട്ട് ആണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷം 2023 ലാണ് സമാപിച്ചത്. എന്നാൽ കഴിഞ്ഞ ജനുവരിയിലാണ് - വരവ് ചെലവ് കണക്കുകൾ സംഘാടക സമിതി യോഗത്തിൽ അവതരിപ്പിച്ചത് യഥാർത്ഥ കണക്കുകൾ ധനകാര്യ സ്ഥിരം സമിതിയിലോ കൗൺസിൽ യോഗത്തിലോ ഇതുവരേയും അവതരിപ്പിച്ചിട്ടില്ല. ഇതിനിടയിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇന്റേണൽ വിജിലൻസും പണമിടപാടിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.