ജോലി തട്ടിപ്പ്: മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന്
1567350
Sunday, June 15, 2025 3:27 AM IST
മൂവാറ്റുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കോണ്ഗ്രസ് മുവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പരാതിയിൽ ഒരാൾ മാത്രമാണ് അറസ്റ്റിലായത്.
തൃക്കളത്തൂർ കാവുംപടി സ്വദേശിയെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ഇപ്പോഴും നിയമത്തിനു മുന്നിൽ എത്തിയിട്ടില്ലെന്ന് കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് ആരോപിച്ചു. തൃക്കളത്തൂർ സ്വദേശിനിയിൽ നിന്ന് 14 ലക്ഷം തട്ടിയെടുത്തതായാണ് കേസ്.
പണം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണു യുവതി പരാതി നൽകിയത്. അടുത്ത കാലത്ത് തൃക്കളത്തൂരിൽ സ്ഥിര താമസമാക്കിയ സിപിഎം നേതാവിന് ഇതിൽ പങ്കുണ്ടെന്ന് സാബു ജോണ് ആരോപിച്ചു.
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നൽകി.