മൂവാറ്റുപുഴയിൽ നഗരവികസനം മുടക്കിയ കുടിവെള്ളം പുനഃസ്ഥാപിച്ചു
1567348
Sunday, June 15, 2025 3:20 AM IST
മുവാറ്റുപുഴ: നഗര വികസനത്തിന്റെ ഭാഗമായി തടസപ്പെട്ട നഗരത്തിലെ ജലവിതരണം ഒടുവിൽ പുനഃസ്ഥാപിച്ചു. ജലവിതരണം പുനഃസ്ഥാപിക്കാത്ത ജല അഥോറിറ്റിയുടെ നടപടിക്കെതിരെ കഴിഞ്ഞ ദിവസം മന്ത്രി റോഷി അഗസ്റ്റിനെ ഫോണിൽ വിളിച്ച് എംഎൽഎ പ്രതിഷേധം അറിയിച്ചിരുന്നു.
വിഷയത്തിൽ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളാമെന്ന് മന്ത്രി എംഎൽഎയോട് ഉറപ്പുനൽകുകയും ചെയ്തിരുന്നു. ജല അഥോറിറ്റിയുടെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനു വേണ്ടി രണ്ടാഴ്ച മുൻപ് എംഎൽഎയുടെ നിർദേശപ്രകാരം സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിൽ ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും യോഗം വിളിച്ചിരുന്നു.
യോഗത്തിന്റെ ഭാഗമായി പഴയ പൈപ്പിൽ നിന്നും പുതിയ കണക്ഷനുകളിലേക്ക് ജലവിതരണ പൈപ്പുകൾ മാറ്റുന്നതിനായി മൂന്നു ദിവസത്തെ സമയമാണ് ജല അഥോറിറ്റി ഡിപ്പാർട്ട്മെന്റ് ചോദിച്ചിരുന്നത്.
ഇതു പ്രകാരം മുൻകൂട്ടി ജല അഥോറിറ്റി നോട്ടീസ് നൽകി, ജനപ്രതിനിധികൾ മുഖേനയും ജനങ്ങളെ വിവരമറിയിച്ചു. എന്നാൽ മൂന്നുദിവസത്തിൽ തീർക്കുമെന്നുപറഞ്ഞ ജോലികൾ അഞ്ച് ദിവസമായിട്ടും തീരാതെ വന്നതിനെതുടർന്നാണ് എംഎൽഎ മന്ത്രിയെ വിളിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ അറിയിച്ചത്.
കച്ചേരിത്താഴത്ത് റോഡിന്റെ മധ്യഭാഗത്തുള്ള പഴയ പൈപ്പ് മാറ്റി എൻഡ് ക്യാപ്പ് പിടിപ്പിക്കേണ്ട പ്രവർത്തികൾക്കും, പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകളിലേക്ക് കണക്ഷനുകൾ കൊടുക്കുന്നതിലും വന്ന കാലതാമസമാണ് ജലവിതരണം പുനഃസ്ഥാപിക്കുന്നത് വൈകുന്നതിനു കാരണമായി ജല അഥോറിറ്റി അധികൃതർ പറയുന്നത്.
ഇന്നലെ വൈകുന്നേരത്തോടെ പ്രവർത്തികളെല്ലാം പൂർത്തീകരിച്ച് കുടിവെള്ള വിതരണം പുനരാരംഭിക്കുകയും ചെയ്തു. പുതിയ പൈപ്പ് ലൈനായതിനാൽ ആദ്യഘട്ടമെന്നോണം ചെറിയ പ്രഷറിലാണ് വെള്ളം പന്പ് ചെയ്തു തുടങ്ങിയിരിക്കുന്നത്. ക്രമേണ വെള്ളത്തിന്റെ പ്രഷർ വർധിപ്പിച്ച് പൂർണതോതിൽ ഉയർന്ന സ്ഥലങ്ങളിലേക്ക് വെള്ളം ലഭ്യമാകാൻ ഒരു ദിവസം വരെ കാലതാമസം ഉണ്ടായേക്കാം.