ഫോർട്ടുവൈപ്പിനെ ഹെറിറ്റേജ് പദ്ധതിയിൽപ്പെടുത്താനുള്ള കളക്ടറുടെ കത്ത് സിഎസ്എംഎൽ മുക്കിയെന്നാരോപണം
1567342
Sunday, June 15, 2025 3:20 AM IST
വൈപ്പിൻ : ചരിത്രത്തിന്റെ ശേഷിപ്പുകൾ പേറുന്ന കൊച്ചിൻ കോർപറേഷൻ ഒന്നാം ഡിവിഷനിൽപ്പെട്ട ഫോർട്ടുവൈപ്പിൻ അവഗണനയുടെ തുരുത്തായി മാറുകയാണെന്ന് ആക്ഷേപം. കോർപറേഷനോ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്, ജിസിസിഎ എന്നീ വികസന ഏജൻസികളോ ഒന്നും തന്നെ തിരിഞ്ഞു പോലും നോക്കാത്ത ഇവിടെ അടിസ്ഥാന സൗകര്യങ്ങളാണ് പരിതാപകരം.
അഴുക്കുചാലുകൾ , റോഡുകൾ, സന്ദർശകർക്കായുള്ള അഴിമുഖത്തെനടപ്പാതകൾ, കടൽ ഭിത്തികൾ എന്നിവയെല്ലാം തകർന്നനിലയിലാണ്. പൊതു ശൗച്യാലയങ്ങളില്ല. ജങ്കാർ ജെട്ടിയിലും മറ്റും പൊതു ഇരിപ്പിടങ്ങളുമില്ല.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കൊച്ചിൻ ഹെറിറ്റേജ് കമ്മിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിനു കത്തു നൽകിയിരുന്നു. ഹെറിറ്റേജ് പദ്ധതിയിൽപ്പെടുത്തി ഫോർട്ടുവൈപ്പിനിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് കത്ത് നൽകിയത്. എന്നാൽ ഈ കത്ത് സിഎസ്എംഎൽ പരിഗണിച്ചില്ലെന്ന് വൈപ്പിൻ ജനകീയ കൂട്ടായ്മ കൺവീനർ ജോണി ആരോപിക്കുന്നു.
മാത്രമല്ല ഇങ്ങിനെ ഒരു നിർദേശം ലഭിച്ചിട്ടില്ലെന്ന് വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനു കളവായി മറുപടി പറയുകയും ചെയ്തത്രേ. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് ജനകീയ കൂട്ടായ്മ കൺവീനർ മുന്നറിയിപ്പു നൽകി.