ലോക മണ്ണുദിനത്തിൽ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത് മണ്ണുവാരൽ തൊഴിലാളി
1485422
Sunday, December 8, 2024 7:17 AM IST
കുമരകം: കുമരകം പഞ്ചായത്തിലെ ഒരു കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടന പരിപാടി വേറിട്ടതായി. ലോക മണ്ണുദിനത്തിൽ നടത്തിയ റോഡ് ഉദ്ഘാടനം നിർവഹിച്ചത് പ്രദേശത്തെ ഏറ്റവും മുതിർന്ന കായൽമണ്ണ് വാരൽതൊഴിലാളിയായ വാര്യത്തുകടവിൽ കെ.കെ. കൃഷ്ണൻ. കുമരകം ബസാറിലെ 10-ാം വാർഡിലുൾപ്പെട്ട കോൺക്രീറ്റിംഗ് പൂർത്തിയായ ശാസ്താംകോവിൽ - വാര്യത്തുകടവ് റോഡിന്റെ ഉദ്ഘാടനമാണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ലോക മണ്ണ് ദിനമായ ഇന്നലെ നടത്തിയത്.
2023 - 2024 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് ശാസ്താംകോവിൽ -വാര്യത്തു കടവിൽ റോഡ്, മൂന്നു മീറ്റർ വീതിയിൽ 217 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തത്. ആകെ 10 ലക്ഷം രൂപയുടെ റോഡുവികസനമാണ് നടത്തിയത്
പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കുമരകം - അട്ടിപ്പീടിക റോഡിൽനിന്നും 400 മീറ്റർ ദൂരത്തിൽ എച്ച്ഡിപി പൈപ്പ് സ്ഥാപിച്ചശേഷം ക്വാറി മക്കിട്ടുയർത്തിയാണ് പുതിയ കോൺക്രീറ്റ് ജോലികൾ തുടങ്ങിയത്. ബാക്കിയുള്ള റോഡിന്റെ എസ്റ്റിമേറ്റ് പൂർത്തിയായിട്ടുണ്ടെന്നും മറ്റു നിർമാണ പ്രവർത്തനങ്ങൾക്കു വർക്ക് ഓർഡർ ആയിട്ടുണ്ടന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച വാർഡ് മെംബർ വി.എൻ. ജയകുമാർ പറഞ്ഞു.