ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ള കോഫി സ്റ്റാളുകള്‍ അനർഹർ ഏറ്റെടുത്തു നടത്തുന്നെന്ന്
1599468
Monday, October 13, 2025 11:40 PM IST
അന്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചിട്ടുള്ള കോഫി സ്റ്റാളുകള്‍ കരാര്‍ എടുത്ത് നടത്തുന്നത് അര്‍ഹരായവരാണെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യം. ഭിന്നശേഷിക്കാരുടെ ഉപജീവനത്തിനായി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്കി ആശുപത്രി വളപ്പില്‍ മൂന്ന് കോഫി സ്റ്റാളുകള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്.
ഇതിന്റെ റീ ടെണ്ടര്‍ നടപടികള്‍ നടന്നുവരികയാണ്. ഇതില്‍ ജെ ബ്ലോക്കിന് സമീപത്തെ കോഫി സ്റ്റാളിന്റെ ടെണ്ടര്‍ വ്യാഴാഴ്ച പൂര്‍ത്തിയായി. ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ ടെണ്ടര്‍ ക്ഷണിക്കുന്ന അവസാന തീയതി 17 ഉം 25ഉം ആണ്. സ്റ്റാളുകളുടെ കരാര്‍ കാലാവധി രണ്ടുവര്‍ഷമാണ്. ഇതനുസരിച്ച് ലേല നടപടികളുമായി ആശുപത്രി അധികൃതർ മുന്നോട്ടു പോയപ്പോഴാണ് കോഫീ സ്റ്റാളുടമകൾ ഇതിനെതിരേ 2016ൽ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബഞ്ച് ലേല നടപടികളുമായിമുന്നോട്ടുപോകാൻ ഉത്തരവ് നൽകി. ഇതിനെതിരേ കോഫീ സ്റ്റാളുടമകൾ ഡിവിഷൻ ബഞ്ചിനെ സമീപിച്ചു. എന്നാൽ, ഡിവിഷൻ ബഞ്ചും സിംഗിൾ ബഞ്ച് ഉത്തരവ് ശരിവയ്ക്കുകയായിരുന്നു. തുടർന്നാണ് റീ ടെണ്ടർ നടത്താൻ തീരുമാനമായത്. വർഷങ്ങൾക്കു മുൻപ് ജനറൽ വിഭാഗത്തിലെ കോഫീ സ്റ്റാൾ ലേലം ചെയ്തപ്പോൾ 1.95 ലക്ഷം രൂപയായിരുന്നു പ്രതിമാസ വാടക ലഭിച്ചത്.
ഇത് കണക്കിലെടുക്കുമ്പോൾ ആശുപത്രിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിനകം ഉണ്ടായിരിക്കുന്നത്. എന്നാല്‍, ടെണ്ടര്‍ നല്‍കിയിട്ടുള്ളത് പലതും ബിനാമി പേരുകളിലാണെന്ന ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഭിന്നശേഷിക്കാര്‍ക്ക് മാത്രം അവകാശപ്പെട്ട കോഫി സ്റ്റാളുകള്‍ അവരുടെ പേരില്‍ കരാറെടുത്തശേഷം ബിനാമികള്‍ കച്ചവടം നടത്താനുള്ള ശ്രമമാണ് നടക്കുന്നത്.
ഭാരിച്ച തുകയില്‍ കരാറെടുത്തശേഷം ചായയും കോഫിയും സ്നാക്സുകളും ഉയര്‍ന്നവിലയില്‍ കച്ചവടം നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കരാര്‍ എടുക്കുന്ന ഭിന്നശേഷിക്കാര്‍ കോഫി സ്റ്റാളുകളില്‍ ഉണ്ടാകണമെന്നാണ്. കരാര്‍ ഉറപ്പിക്കുന്നതിന് മുമ്പായി അര്‍ഹതപ്പെട്ടവരാണ് കച്ചവടം നടത്തുന്നതെന്ന് ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.