പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎയുമായി പിടിയിൽ
1599466
Monday, October 13, 2025 11:40 PM IST
അമ്പലപ്പുഴ: പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎയുമായി പിടിയിൽ. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലിസും ചേർന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), അമ്പലപ്പുഴ കൗസല്യ നിവാസ് സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഒരു ഹോട്ടലിനു മുന്നിൽ വച്ച് പിടിയിലായത്.
ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പറവൂർ ഹൈവേയിൽ റോഡിൽ നടത്തിയപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മാസത്തിൽ പല പ്രാവിശ്യം ലഹരിവസ്തുക്കൾ എറണാകുളം ഭാഗത്തുപോയി വാങ്ങി നാട്ടിൽ എത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കിലായി ജോലി ചെയ്തു വരികയായിരുന്നു സത്യമോൾ.
കാറിൽ വക്കീലിന്റെ എംബ്ലം പതിച്ചാ ണ് പോലീസിന്റെ പരിശോധനയിൽനിന്നു പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. അമ്മയും ഒന്നിച്ചാണ് പലപ്പോഴും മയക്കുമരുന്നു വാങ്ങാൻ പോയിരുന്നത്. ഇവരുടെ വീട്ടിൽ അമ്പലപ്പുഴ പോലീസ് നടത്തിയ പരിശോധയിൽ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രീഡ് കഞ്ചാവ്, വൻതോതിൽ കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പ്ലാസ്റ്റിക് കവറുകളും പിടികുടി.
ഇവരുടെ വീട്ടിൽ കഞ്ചാവ് വലിക്കാൻ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിരുന്നു. ജില്ലാ പോലിസ് മേധാവി എം.പി. മോഹനചന്ദ്രൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര എസ്ഐ അരുൺ എസ്. സീനിയർ സിപിഓമാരായ രാജേഷ്കുമാർ, അഭിലാഷ്, സിപിഓമാരായ മുഹമ്മദ് സാഹിൽ, കാർത്തിക എന്നിവരാണ് പ്രതികളെ പിടികുടിയത്.