എലിവേറ്റഡ് കാറ്റിൽ ഷെഡ് പൂർത്തിയായിട്ടും പൂട്ടിത്തന്നെ
1590900
Thursday, September 11, 2025 11:56 PM IST
ചമ്പക്കുളം: ചമ്പക്കുളം പഞ്ചായത്തിൽ ക്ഷീര വികസനവകുപ്പ് നിർമിക്കുന്ന എലിവേറ്റഡ് കാറ്റിൽ ഷെഡ് കെട്ടിടനിർമാണം പൂർത്തിയായി മാസങ്ങളായിട്ടും കെട്ടിടനമ്പർ, വൈദ്യുതി കണക്ഷൻ എന്നിവ ലഭിക്കാത്തതുകൊണ്ട് പൂർണ തോതിൽ തുറന്നുപ്രവർത്തിപ്പിക്കാൻ ആവുന്നില്ല. ചമ്പക്കുളം മങ്കൊമ്പ് റോഡിനു സമീപമാണ് കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്.
2018ലെ പ്രളയത്തിനുശേഷം വെള്ളപ്പൊക്കക്കാലത്ത് കന്നുകാലികളുടെ സുരക്ഷയെക്കരുതി ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിലാണ് ചമ്പക്കുളം പഞ്ചായത്തിലെ 10-ാം വാർഡിൽ നാല് നിലയിലായി കെട്ടിടം നിർമിച്ചത്. കോടികൾ മുടക്കി നിർമിച്ച കെട്ടിടത്തിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ചുരുക്കും ചില കന്നുകാലികളെ കൊണ്ടുവന്ന് സംരക്ഷിച്ചു എന്നല്ലാതെ മറ്റൊരു നടപടിയും ഉണ്ടായിട്ടില്ല.
ചമ്പക്കുളം ക്ഷീരോത്പാദക സൊസൈറ്റി കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ചുവരുന്നുണ്ട്. അടിയന്തരമായി കെട്ടിടം പൂർണമായും ഉപയോഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കോടികൾ മുടക്കി നിർമിച്ചിരിക്കുന്ന കെട്ടിടം കാറ്റിൽ ഷെഡ് മാത്രമായി പരിമിതപ്പെടുത്താതെ ഈ നാട്ടിലെ നെൽകർഷകർക്കു കൂടി പ്രയോജനപ്രദമാകും വിധം വിത്ത്, നെല്ല് മുതലായവ സംഭരിക്കുന്നതിനു കൂടി സൗകര്യം ഒരുക്കണമെന്ന ആവശ്യവും വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്. ചുരുക്കം ചില കന്നുകാലികളെ സംരക്ഷിക്കുന്നതിനുവേണ്ടി മാത്രമായി ഇത്രവലിയ കെട്ടിടം നിലനിർത്തുന്നത് സർക്കാർ പണം ധൂർത്തടിക്കുന്നതിനു തുല്യമാണെന്ന് നാട്ടു കാർ ആരോപിക്കുന്നു. ക്ഷീരവികസന, കൃഷിവകുപ്പുകളുടെ ഏകോപിപ്പിച്ചുള്ള പ്രവർത്തനം ഉണ്ടായാൽ കോടികൾ മുതൽമുടക്കുള്ള ഈ കെട്ടിടം ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാകും.