വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണിട്ട് രണ്ടുമാസം; പരാതിപ്പെട്ടിട്ടും പരിഹാരമില്ല
1591141
Friday, September 12, 2025 11:32 PM IST
ഹരിപ്പാട്: വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് രണ്ടുമാസമായി റോഡില്‍ കിടന്നിട്ടും തിരിഞ്ഞുനോക്കാതെ അധികൃതര്‍. വീയപുരം രണ്ടാം വാര്‍ഡില്‍ പാളയത്തില്‍ കോളനിക്കു കിഴക്കുവശത്തായുള്ള മുറിഞ്ഞപുഴഭാഗത്ത് നടുവഴിയുടെ മധ്യഭാഗത്താണ് പരിസരവാസികള്‍ക്ക് നടക്കാന്‍പോലും കഴിയാത്തവിധം
വൈദ്യുതി പോസ്റ്റ് വീണുകിടക്കുന്നത്.
കടപ്ര സെക്ഷന്‍ ഓഫീസില്‍ നേരിട്ടും എഇയെ നേരില്‍ക്കണ്ടും പരാതിപ്പെട്ടിട്ടും ഫലമില്ല. വെള്ളപ്പൊക്ക സമയത്ത് വാര്‍ഡിന്റെ പലഭാഗങ്ങളിലും ആഴ്ചകളോളം വൈദ്യുതി ഇല്ലായിരുന്നു. വാര്‍ഡ് മെംബറിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഓഫീസില്‍ പ്രതിഷേധം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ജീവക്കാരുമായി എത്തിയായിരുന്നു വൈദ്യുതി പുനഃസ്ഥാപിച്ചത്. ഈ പോസ്റ്റില്‍നിന്നു നാലു വീടുകള്‍ക്കാണ് കണക്ഷന് നല്‍കിയിരുന്നത്.
പോസ്റ്റ് ഒടിഞ്ഞതിനാല്‍ മറ്റൊരുപോസ്റ്റില്നിന്നുമാണ് ഇപ്പോള്‍ കണക്ഷന് നല്‍കിയത്. പ്രകൃതിക്ഷോഭത്താല്‍ സെക്ഷന്‍ പരിധിയില്‍ 40 പോസ്റ്റുകള്‍ ഒടിഞ്ഞിരുന്നെന്നും അത് മാറ്റിയിടാന്‍ പുതിയ പോസ്റ്റുകള്‍ വേണ്ടിവന്നെന്നും പോസ്റ്റിന്റെ എണ്ണം കുറവായതുകൊണ്ടാണ് മാറ്റിയിടാന്‍ കഴിയാത്തതെന്നും പോസ്റ്റ് എത്തുന്ന മുറയ്ക്ക് പോസ്റ്റ് മാറ്റിയിടുമെന്നും സെക്ഷന്‍ ഓഫീസില്‍നിന്ന് അറിയിച്ചു.